Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

വോട്ടവകാശം സംരക്ഷിക്കേണ്ട തിരഞ്ഞെടുപ്പ് കമ്മിഷൻ തന്നെ ചോദ്യമുനയിൽ!

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ശക്തി ജനങ്ങളുടെ വോട്ടവകാശമാണ്. ഓരോ പൗരന്റെയും സമ്മതിദാനാവകാശം സംരക്ഷിക്കപ്പെടുമ്പോഴാണ് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യത ഉറപ്പാക്കപ്പെടുന്നത്. എന്നാൽ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്.ഐ.ആർ നടപടികളും അതിനെച്ചൊല്ലിയുള്ള വിവാദങ്ങളും ഇപ്പോൾ രാജ്യത്തെ തിരഞ്ഞെടുപ്പ് സംവിധാനത്തെക്കുറിച്ച് ഗൗരവമായ ചർച്ചകൾക്ക് വഴിയൊരുക്കുകയാണ്.ഒരു ഭരണഘടനാസ്ഥാപനത്തിനു നിരക്കാത്ത കാര്യങ്ങൾ കേന്ദ്ര തിരഞ്ഞെടുപ്പുകമ്മിഷനിൽ നടന്നുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് അടുത്തിടയിൽ പുറത്തുവന്നത്.

മൂന്നംഗ കമ്മിഷനിൽ മുഖ്യ തിരഞ്ഞെടുപ്പുകമ്മിഷണർ(സി.ഇ.സി.)ക്കൊപ്പംതന്നെ പ്രാഭവവും അധികാരങ്ങളുമുള്ള രണ്ടു തിരഞ്ഞെടുപ്പുകമ്മിഷണർമാരെ നോക്കുകുത്തികളാക്കികൊണ്ടുള്ള തീരുമാനങ്ങളും നടപടികളും നടന്നുവെന്ന വിവരവും പുറത്തുവന്നു. കേന്ദ്രസർക്കാരിന്റെ ആജ്ഞാനുവർത്തിയെന്ന ദുഷ്‌പേരുള്ള ഗ്യാനേഷ് കുമാർ ഇന്ത്യയുടെ 26-ാമത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി 2025 ഫെബ്രുവരി 19-നാണ് ചുമതലയേറ്റത്. തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സുതാര്യതയും നിഷ്പക്ഷതയും ഉറപ്പാക്കേണ്ട ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷന്റെ തലപ്പത്തിരിക്കുമ്പോൾ, അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള നടപടികൾ രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമാകുകയാണ്.

വോട്ടർപട്ടികയിലെ ഇരട്ടപ്പേരുകൾ, മരിച്ചവരുടെ പേരുകൾ, താമസം മാറിയവരുടെ വിവരങ്ങൾ എന്നിവ പരിശോധിച്ച് പട്ടിക കൃത്യമാക്കുന്നതിനാണ് സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ അഥവാ എസ്.ഐ.ആർ നടപ്പാക്കുന്നത്. എന്നാൽ ഈ നടപടിയുടെ ഭാഗമായി അർഹരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുമോ എന്ന ആശങ്കയും ശക്തമാണ്. ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട് പ്രകാരം, 2026 സെപ്റ്റംബറോടെ 30 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 13 കോടിയിലധികം പേരുകൾ കരട് വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇതിൽ അർഹരായ വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ടോ, പട്ടികയിൽ നിന്ന് പുറത്തായവർക്ക് മതിയായ അറിയിപ്പും തിരുത്തൽ അവസരവും ലഭിക്കുന്നുണ്ടോ തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.

എസ്‌ഐആർ വഴി 13 കോടിയിലേറെ പേർ വോട്ടർപ്പട്ടികയിൽനിന്ന്‌ പുറത്തായെന്നത്‌ മാത്രമല്ല, വോട്ടർപ്പട്ടിക ഡാറ്റാശേഖരം കൈകാര്യം ചെയ്യാൻ അങ്ങേയറ്റം കേന്ദ്രീകൃതമാക്കിയ സംവിധാനം സൃഷ്ടിച്ചെന്നത്‌ ഗുരുതര സ്ഥിതിവിശേഷമാണ്‌. എസ്‌ഐആർ വഴി തയ്യാറാക്കിയ വോട്ടർ പട്ടികയുടെ അടിസ്ഥാനത്തിൽ നടത്തിയ തെരഞ്ഞെടുപ്പുകളുടെ വിശ്വാസ്യതയും നിയമസാധുതയും ചോദ്യംചെയ്യപ്പെടുകയാണ്‌. പല മണ്ഡലങ്ങളിലും പതിനായിരക്കണക്കിന്‌ വോട്ടുകൾ നീക്കുകയും വൻതോതിൽ പുതിയ വോട്ടർമാരെ ചേർക്കുകയും ചെയ്‌തത്‌ നേരത്തേ സംശയം സൃഷ്‌ടിച്ചിരുന്നു. അല്ലെങ്കിലേ ആരോപണമുനയിലായിരുന്നു എസ്.ഐ.ആർ. എസ്.ഐ.ആർ പ്രക്രിയയുടെകാര്യത്തിൽ തിരഞ്ഞെടുപ്പുകമ്മിഷണർമാരുടെ വിയോജിപ്പുകൾ പല അവസരത്തിലും അവഗണിക്കപ്പെട്ടെന്നും ആരോപണമുയർന്നു. ഇത് രാജ്യത്തെ തിരഞ്ഞെടുപ്പുസംവിധാനത്തിന്റെതന്നെ വിശുദ്ധിയെക്കുറിച്ചു സംശയമുണർത്തുന്ന സാഹചര്യമാണു വന്നുപെട്ടത്.

സി.ഇ.സി.യും രണ്ടു കമ്മിഷണർമാരുമടങ്ങിയതാണ് തിരഞ്ഞെടുപ്പുകമ്മിഷന്റെ ഘടന. കമ്മിഷന്റെ തീരുമാനങ്ങൾ കഴിവതും ഏകകണ്ഠമായിരിക്കണമെന്നാണു വ്യവസ്ഥ. ഏതെങ്കിലുംതരത്തിലുള്ള അഭിപ്രായവ്യത്യാസമുണ്ടായാൽ ഈ മൂവരിൽ രണ്ടുപേരുടെ അഭിപ്രായത്തിനു മേൽക്കൈ ലഭിക്കുകയും നടപ്പാക്കപ്പെടുകയുംവേണം. കമ്മിഷൻ കൈക്കൊണ്ട പല തീരുമാനങ്ങളിലും നടപടികളിലും കമ്മിഷണർമാരായ വിവേക് ജോഷിയും സുഖ്ബിർ സിങ് സന്ധുവും രേഖാമൂലമുള്ള വിയോജിപ്പുപ്രകടിപ്പിച്ചിരുന്നതായുള്ള വിവരമാണ് ഈയിടെ പുറത്തുവന്നത്. കമീഷനിൽ രണ്ടംഗങ്ങൾ അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചത്‌ സജീവമായ ജനാധിപത്യത്തിന്റെ ലക്ഷണമായി കണ്ടാൽ മതിയെന്നാണ്‌ ബിജെപിയുടെ ന്യായം.

എസ്.ഐ.ആർ. പ്രക്രിയയുടെകാര്യത്തിൽ തങ്ങളറിയാതെ തീരുമാനങ്ങളെടുക്കുകയോ ഉത്തരവുകളിറക്കുയോ ചെയ്തതിന് കമ്മിഷണർമാർ കഴിഞ്ഞ പത്തുമാസത്തിനിടെ പതിന്നാലുതവണയാണ് എതിർപ്പു രേഖപ്പെടുത്തിയത്.ഈ വിവരം പുറത്തുവന്നതുകാരണമുണ്ടായ അപകീർത്തി നീക്കാനെന്നവണ്ണം തിരഞ്ഞെടുപ്പുകമ്മിഷൻ ശനിയാഴ്ച പൂർണയോഗം ചേരുകയും ചില തീരുമാനങ്ങൾ കൈക്കൊള്ളുകയുംചെയ്തു. എസ്.ഐ.ആർ. പ്രക്രിയയിലെ തകരാറുകൾസംബന്ധിച്ച് പ്രതിപക്ഷമുൾപ്പെടെ പല ഘട്ടങ്ങളിൽ ഉയർത്തിയ ആരോപണങ്ങൾ ശരിവെക്കുന്നതരത്തിലുള്ള തിരുത്തൽതീരുമാനങ്ങളാണ് ഈ യോഗത്തിലുണ്ടായത്.

പക്ഷേ, ബിഹാറും ബംഗാളുംപോലുള്ള നിർണായകസംസ്ഥാനങ്ങളിൽ സമീപകാലത്തുനടന്ന നിയമസഭാതിരഞ്ഞെടുപ്പിൽ എസ്.ഐ.ആറിന്റെ അടിസ്ഥാനത്തിലുള്ള വോട്ടർപട്ടികയിലുള്ളവർമാത്രമാണ് സമ്മതിദാനം വിനിയോഗിച്ചത്. ലക്ഷക്കണക്കിനുപേരാണ് അവിടങ്ങളിൽ വോട്ടർപട്ടികയിൽനിന്നു പുറന്തള്ളപ്പെട്ടത്. അതിൽ തകരാറുസംഭവിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പുകമ്മിഷൻ ഇപ്പോൾ പരോക്ഷമായി സമ്മതിക്കുമ്പോൾ, ആ സംസ്ഥാനങ്ങളിൽ ജനവിധി കവർന്നെടുക്കപ്പെട്ടെന്നല്ലേ നാം മനസിലാക്കേണ്ടത്. ആ പിഴവിന് എന്തു പ്രതിക്രിയയാണ് ഇനി ഉള്ളത്? ആ പിഴവിന് ചരിത്രം മാപ്പുകൊടുക്കുമോ? എസ്.ഐ.ആർ. പ്രക്രിയയെ ശരിവെച്ച സുപ്രീംകോടതിക്കും തെറ്റുപറ്റിയോ? ചോദ്യങ്ങൾ ഏറെയുണ്ട്.

വോട്ടർപട്ടിക ശുദ്ധീകരണം അനിവാര്യമാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനൊപ്പം, നടപടിക്രമങ്ങളുടെ സുതാര്യതയും പൊതുജനങ്ങൾക്ക് ലഭിക്കുന്ന സമയവും പരിഗണിക്കപ്പെടേണ്ടതുണ്ട്. സുപ്രീംകോടതിയും എസ്.ഐ.ആറിന്റെ നിയമസാധുത അംഗീകരിക്കുമ്പോൾ തന്നെ, പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടുന്നവരുടെ കാര്യത്തിൽ നടപടിക്രമങ്ങൾ പാലിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിയിട്ടുണ്ട്. ഇവിടെ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഉത്തരവാദിത്തം നിർണായകമാണ്. വോട്ടർപട്ടികയിലെ ഓരോ പേരും ഒരു പൗരന്റെ ജനാധിപത്യാവകാശത്തെ പ്രതിനിധീകരിക്കുന്നു. അതുകൊണ്ടുതന്നെ പട്ടിക പരിഷ്കരണത്തിന്റെ ലക്ഷ്യം അർഹരായ ഒരാളുടെയും വോട്ടവകാശം നഷ്ടപ്പെടാതിരിക്കലായിരിക്കണം.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix