ന്യൂഡൽഹി: ഡൽഹിയിലെ മാളവ്യ നഗറിലെ ഹോട്ടലിൽ 13 വിദേശികളുൾപ്പെടെ 21 പേരുടെ മരണത്തിനിടയാക്കിയ തീപിടിത്തവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടലിലെ പാചകക്കാരനായ കേശവ് നേഗിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ബുധനാഴ്ച നടന്ന ദുരന്തത്തിന് പിന്നാലെ കസ്റ്റഡിയിലെടുത്ത 65-കാരനായ നേഗിയെ ഏകദേശം ആറുമണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
ചോദ്യം ചെയ്യലിൽ, അടുക്കളയിലെ ഇലക്ട്രിക് സ്റ്റൗ ഓൺ ചെയ്തതിനു പിന്നാലെ അതിൽ തീപിടിച്ചതായും പിന്നീട് സ്റ്റൗ പൊട്ടിത്തെറിച്ച് തീ കെട്ടിടത്തിലാകെ വ്യാപിച്ചതായും നേഗി മൊഴി നൽകിയതായി പൊലീസ് അറിയിച്ചു.
തീപിടിത്തം ഉണ്ടായതോടെ പരിഭ്രാന്തനായ നേഗി ഹോട്ടലിന്റെ പ്രധാന വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മെയിൻ പവർ ഓഫ് ചെയ്തതിനെ തുടർന്ന് കെട്ടിടത്തിലെ ഇലക്ട്രോണിക് ഡോർ ലോക്കിങ് സംവിധാനം പ്രവർത്തനരഹിതമായിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ഇതുമൂലം ഹോട്ടലിനുള്ളിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാൻ കഴിയാതെ വന്നതാണോ മരണസംഖ്യ ഉയരാൻ കാരണമായതെന്ന് അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്. ലോക്കിങ് സംവിധാനത്തിന്റെ പ്രവർത്തനവും വൈദ്യുതി വിച്ഛേദിച്ചതിന്റെ പ്രത്യാഘാതവും അന്വേഷണത്തിലെ പ്രധാന ഘടകങ്ങളാണ്.
നിലവിൽ പ്രതിയുടെ മൊഴികൾ ഫോറൻസിക് തെളിവുകളുമായി പരിശോധിച്ചുവരികയാണെന്നും ഒളിവിലുള്ള ഹോട്ടൽ മാനേജർക്കായുള്ള തിരച്ചിൽ തുടരുകയാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.






