തൃശ്ശൂർ: ട്രെയിനിനുള്ളിലെ ഭക്ഷണശാലയിലേക്ക് വെള്ളം ചോദിച്ച യാത്രക്കാരന്റെ ദേഹത്ത് തിളച്ചവെള്ളമൊഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റിൽ. നേത്രാവതി എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന മുംബയ് സ്വദേശി അഭിഷേക് ബാബു (24)വിനാണ് പൊള്ളലേറ്റത്. പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി രാഘവേന്ദ്ര സിംഗ് ആണ് പിടിയിലായത്. വ്യാഴാഴ്ച രാത്രി മുംബയിൽ നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന നേത്രവതി എക്സ്പ്രസിലാണ് കേസിനാസ്പദമായ സംഭവം.
മുംബൈ സ്വദേശികളായ യുവാക്കൾ തൃശൂർ തൃപ്രയാരുള്ള തങ്ങളുടെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. കൈയിലുണ്ടായരുന്ന വെള്ളം തീർന്നപ്പോൾ വെള്ളം എടുക്കുന്നതിനായി പാൻട്രി കാറിലേക്ക് എത്തി. ഇതിന് തുകയായി 200 രൂപ നോട്ട് നൽകുകയും ചെയ്തു. പക്ഷേ 200 രൂപ നൽകിയാൽ പറ്റില്ലെന്നും ചില്ലറയായി 15 രൂപ തന്നെ നൽകണമെന്ന് പാൻട്രി ജീവനക്കാർ ആവശ്യപ്പെട്ടു.
ഇതോടു കൂടി ജീവനക്കാരും യുവാക്കളും തമ്മിൽ തർക്കമായി.തുടർന്ന് യുവാക്കൾ തിരികെ സീറ്റിലേക്ക് മടങ്ങിയെത്തി. എന്നാൽ തിരികെ വന്ന ശേഷമാണ് കൂട്ടത്തിലൊരാളുടെ കൈയിൽ ഉണ്ടായിരുന്ന കണ്ണടയും തൊപ്പിയും കാണാതായത്. അത് പാൻട്രിക്കാറിൽ വച്ച് മറന്നിരുന്നു. ശേഷം അത് എടുക്കാൻ ചെന്നപ്പോൾ തരാൻ പറ്റില്ലെന്നും വേണമെങ്കിൽ നാളെ രാവിലെ വരൂ എന്നായിരുന്നു ജീവനക്കാരുടെ മറുപടി. ഇതേ തുടർന്ന് ജീവനക്കാരൻ യുവാക്കൾക്ക് മേൽ തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. യുവാവിന്റെ സുഹൃത്തുക്കളും റെയിൽവേ പൊലീസും ചേർന്നാണ് അഭിഷേക് ബാബുവിനെ സ്വകാര്യ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുന്നത്. പിടിയിലായ പാൻട്രി കാർ മാനേജരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.







