കൊച്ചി: കേരളം കേന്ദ്രീകരിച്ച് ഡാർക്ക് നെറ്റിലൂടെ രാജ്യവ്യാപകമായി ലഹരിമരുന്ന് ഇടപാട് നടത്തുന്നതിൽ മൂവാറ്റുപുഴ സ്വദേശി എഡിസന് (35) പങ്കുണ്ടെന്ന് നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) യുടെ കൊച്ചി യൂണിറ്റിന് വ്യക്തമായത് ഒന്നര മാസം മുൻപ്. വ്യക്തമായ തെളിവോടെ എഡിസണെ പിടികൂടുകയായിരുന്നു പിന്നീടുള്ള ലക്ഷ്യം.
ജൂൺ 28ന് കൊച്ചി ഫോറിൻ പോസ്റ്റ് ഓഫിസിൽ എത്തിയ 3 പാഴ്സലുകൾ അതിലേക്കുള്ള വഴി തുറന്നു. 280 എൽഎസ്ഡി സ്റ്റാംപുകൾ അടങ്ങിയ ആ പാഴ്സലുകൾ എത്തിയത് എഡിസന്റെ പേരിലായിരുന്നു. പിറ്റേന്ന് ഞായറാഴ്ച മൂവാറ്റുപുഴയിലെ എഡിസന്റെ വീട്ടിലെത്തിയ എൻസിബി സംഘം ഒരു കാര്യം അറിയാനുണ്ടെന്നു പറഞ്ഞാണ് അയാളെ വീടിനു പുറത്തേക്കു വിളിച്ചത്. വീട്ടിൽനിന്ന് ഇറങ്ങിവന്ന എഡിസനോട് മറ്റു ചില കാര്യങ്ങൾ സംസാരിച്ചു തുടങ്ങിയ ഉദ്യോഗസ്ഥർ പെട്ടെന്നു വിഷയം മാറ്റി.
ഇതൊന്നുമല്ല ഞങ്ങൾക്ക് അറിയേണ്ടത് കെറ്റാമെലോണിനെക്കുറിച്ചാണ്. ഇത് കേട്ട എഡിസൻ ഞെട്ടി. ആ പേരിലാണ് അയാൾ ഡാർക്കനെറ്റിൽ ലഹരി ഇടപാട് നടത്തിയിരുന്നത്. അതീവ രഹസ്യമായി പ്രവർത്തിച്ചിരുന്ന അയാൾക്ക് പിടിക്കപ്പെടില്ലെന്ന് അത്രയേറെ ഉറപ്പുണ്ടായിരുന്നു. ഓപ്പറേഷൻ മെലോണിനെക്കുറിച്ചുള്ള എൻസിബി വൃത്തങ്ങളുടെ വെളിപ്പെടുത്തലിൽ തെളിയുന്നത് കേരളത്തിൽ വേരുറപ്പിച്ച് രാജ്യം മുഴുവൻ പടരാനൊരുങ്ങിയ ഒരു പടർത്തിയ ലഹരിശൃംഖലയുടെ ചിത്രമാണ്. എഡിസനൊപ്പം മറ്റൊരു മൂവാറ്റുപുഴ സ്വദേശിയെയും എൻസിബി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Content: Engineer, restaurant in Aluva; ‘Dirty business’ on dark net; Edison shocked by NCB lightning raid






