കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അടൂര്‍ – കടമ്പനാട് ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മാര്‍ അപ്രേമിന് വിലക്ക് ഏര്‍പ്പെടുത്തി എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ്. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായ്ക്ക് ലഭിച്ച പരാതികള്‍ പരിഗണിക്കുവാന്‍ ചേര്‍ന്ന പ്രത്യേക സുന്നഹദോസിലാണ് തീരുമാനം.
ഭദ്രാസന ഭരണത്തില്‍ നിന്നും സഭയുമായി ബന്ധപ്പെട്ട എല്ലാ ഭരണപരമായ കാര്യങ്ങളില്‍ നിന്നും, സെമിനാരിയിലെ ചുമതലകളില്‍ നിന്നും ഇനിയൊരു കല്‍പ്പന ഉണ്ടാകുന്നത് വരെ സഖറിയാസ് മാര്‍ അപ്രേമിനെ മാറ്റി നിര്‍ത്തുവാനാണ് തീരുമാനം.
ഭദ്രാസന മെത്രാപ്പോലീത്ത ഏതാനും ആഴ്ച്ചകള്‍ക്ക് മുന്‍പ് നടത്തിയ പ്രസംഗങ്ങളില്‍ സഭയുടെ ഔദ്യോഗിക നിലപാടുകള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നടപടി. 1934 -ലെ ഭരണഘടന എന്ന നാമത്തില്‍ അറിയപ്പെടുന്ന മലങ്കര സഭാ ഭരണഘടനയെ താഴ്ത്തി സംസാരിച്ചതും സഭയ്ക്ക് അനുകൂലമായ കോടതി വിധികള്‍ അപ്രധാനമാണെന്ന് പറയുകയും ചെയ്തത് വിശ്വാസികളില്‍ വലിയ എതിര്‍പ്പുകളും പ്രതിഷേധങ്ങളും സൃഷ്ടിച്ചിരുന്നു.






