കൊച്ചി: ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം സ്വദേശി രാമചന്ദ്രന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. വെള്ളിയാഴ്ച രാവിലെ ഏഴുമണി മുതൽ ഒൻപതു മണിവരെ മൃതശരീരം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ പൊതുദർശനത്തിന് വെക്കും. 9.30 ഓടെ വീട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 12 മണിക്ക് ചങ്ങമ്പുഴ പൊതുശ്മശാനത്തിലാണ് സംസാകാരം നടത്തുക. ഇന്നു രാത്രി 7.30 ഓടെ വിമാന മാർഗം മൃതദേഹം ഇടപ്പള്ളിയിലെ വീട്ടിലെത്തിക്കും. മൃതദേഹം നാളെ ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കും.
കൊച്ചി ഇടപ്പള്ളി മങ്ങാട്ട് റോഡിൽ താമസിക്കുന്ന രാമചന്ദ്രൻ (65) ആണ് കൊല്ലപ്പെട്ടത്. അവധിക്കാലം ആഘോഷിക്കാൻ ഭാര്യ ഷീലയ്ക്കും മകൾ ആരതിക്കും അവരുടെ രണ്ട് കുട്ടികൾക്കുമൊപ്പം തിങ്കളാഴ്ചയാണ് അദ്ദേഹം കശ്മീരിലേക്ക് പോയത്. കുതിരപ്പുറത്തു സവാരി ചെയ്യുന്നതിനിടെയാണ് രാമചന്ദ്രന് വെടിയേറ്റത്. അച്ഛൻ തന്റെ മുന്നിൽ വെച്ച് വെടിയേറ്റ് കൊല്ലപ്പെട്ടെന്ന് മകൾ ആരതിയാണ് ബന്ധുക്കളെ വിളിച്ച് അറിയിച്ചത്. കൊച്ചിയിൽ നാലു വർഷം മുൻപാണ് രാമചന്ദ്രൻ കുടുംബവുമായി താമസിക്കാൻ എത്തിയത്. അതിനു മുൻപ് നിരവധി വർഷങ്ങളോളം യുഎഇയിൽ ജോലി ചെയ്യുകയായിരുന്നു.
ബിജെപി പ്രവർത്തകനായ രാമചന്ദ്രൻ ഇടപ്പള്ളിയിൽ അറിയപ്പെടുന്ന പൊതു പ്രവർത്തകനുമാണ്. 1992 ൽ എറണാകുളം ജില്ലാ കൗൺസിലിലേക്ക് മത്സരിച്ചിട്ടുണ്ട്. പിന്നീട് ജോലിയുമായി ഏറെക്കാലം പ്രവാസി ജീവിതം നയിച്ചു. 5 വർഷം മുൻപാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചെത്തിയത്.






