തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിലെ എഥനോൾ സാന്നിധ്യം കണ്ടെത്താനുള്ള പരിശോധനാ നടപടികൾ പ്രതിസന്ധിയിൽ. പരിശോധനയ്ക്കായി 100 ശതമാനം ശുദ്ധമായ പെട്രോൾ നൽകുന്നതിന് എണ്ണക്കമ്പനികൾക്ക് കേന്ദ്രത്തിന്റെ നിയന്ത്രണമുണ്ടെന്നാണ് കമ്പനികളുടെ മറുപടി. ഇതോടെ കേരളത്തിൽ നടത്താനിരുന്ന വിശദമായ പരിശോധനാ നടപടികൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
ശുദ്ധമായ പെട്രോൾ ആവശ്യപ്പെട്ട് സിവിൽ സപ്ലൈസ് കമ്മീഷണർ എണ്ണക്കമ്പനികൾക്ക് കത്തും ഇ-മെയിലും അയച്ചിരുന്നു. എന്നാൽ ആദ്യഘട്ടത്തിൽ മറുപടി ലഭിച്ചില്ല. തുടർച്ചയായ അന്വേഷണങ്ങൾക്കൊടുവിലാണ് 100 ശതമാനം ശുദ്ധമായ പെട്രോൾ നൽകുന്നതിന് കേന്ദ്രത്തിന്റെ നിർദേശപ്രകാരം നിയന്ത്രണമുണ്ടെന്ന് കമ്പനികൾ അറിയിച്ചത്. ശേഖരിച്ച പെട്രോൾ സാമ്പിളുകളുടെ കാലാവധി 18 ദിവസത്തിനകം അവസാനിക്കുമെന്ന സാഹചര്യവും പരിശോധനയെ കൂടുതൽ സങ്കീർണമാക്കുന്നു.
പെട്രോളിലെ എഥനോൾ സാന്നിധ്യം പരിശോധിക്കുന്നതിന് കർണാടക സർക്കാർ നേരത്തെ നടത്തിയ പരിശോധനയും വിവാദമായിരുന്നു. പരിശോധനാഫലം കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിന് കൈമാറിയെങ്കിലും 100 ശതമാനം ശുദ്ധമായ പെട്രോളുമായി താരതമ്യം ചെയ്യാൻ കഴിയാത്തതിനാൽ ഫലം അംഗീകരിക്കാനാകില്ലെന്ന നിലപാടാണ് മന്ത്രാലയം സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്.
ഇതിനു പിന്നാലെയാണ് കേരളത്തിലും പെട്രോളിലെ എഥനോൾ സാന്നിധ്യം പരിശോധിക്കാൻ ഭക്ഷ്യവകുപ്പ് തീരുമാനിച്ചത്. പരമ്പരാഗത രീതിയിലും ഇൻസ്ട്രുമെന്റ് രീതിയിലുമായി രണ്ട് ഘട്ടങ്ങളിലായാണ് പരിശോധന ആസൂത്രണം ചെയ്തത്. ഇതിനായി സംസ്ഥാനത്തെ റിഫൈനറികളിൽ നിന്ന് ശുദ്ധമായ പെട്രോൾ ലഭ്യമാക്കണമെന്ന് ഭക്ഷ്യവകുപ്പ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ശുദ്ധമായ പെട്രോൾ ലഭ്യമാകാത്ത സാഹചര്യത്തിൽ ലാബുകളിൽ ശേഖരിച്ച സാമ്പിളുകൾ പരമ്പരാഗത രീതിയിൽ മാത്രമേ പരിശോധിക്കാൻ കഴിയൂവെന്നാണ് ഭക്ഷ്യവകുപ്പ് വ്യക്തമാക്കുന്നത്. ഗ്യാസ് ക്രോമാറ്റോഗ്രാഫി പരിശോധനയിലൂടെ പമ്പുകളിൽ വിതരണം ചെയ്യുന്ന പെട്രോളിലെ എഥനോളിന്റെ കൃത്യമായ ശതമാനം കണ്ടെത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
സംസ്ഥാനത്തെ ഏഴ് ജില്ലകളിലെ 13 പെട്രോൾ പമ്പുകളിൽ നിന്നാണ് പരിശോധനയ്ക്കായി സാമ്പിളുകൾ ശേഖരിച്ചത്. ശുദ്ധമായ പെട്രോളിനെ അടിസ്ഥാനമാക്കിയുള്ള താരതമ്യ പരിശോധന കൂടി സാധ്യമായിരുന്നെങ്കിൽ എഥനോളിന്റെ അളവ് കൂടുതൽ കൃത്യമായി നിർണയിക്കാനാകുമായിരുന്നു.
ശുദ്ധമായ പെട്രോൾ ലഭ്യമാക്കുന്നതിലെ നിയന്ത്രണം പരിശോധനയുടെ വ്യാപ്തിയെ ബാധിക്കുമെന്ന ആശങ്കയിലാണ് സംസ്ഥാന ഭക്ഷ്യവകുപ്പ്. ഇതോടെ പെട്രോളിലെ എഥനോൾ സാന്നിധ്യം സംബന്ധിച്ച കേരളത്തിന്റെ പരിശോധനാഫലങ്ങൾ വൈകാനും സാധ്യതയുണ്ട്.


