ആലുവ: ഗൂഗിൾ മാപ്പ് കാണിക്കുന്ന വഴിയിലൂടെ യാത്ര ചെയ്താൽ നേരെ പുഴയിലെത്തുന്ന സാഹചര്യം. ആലുവ തോട്ടയ്ക്കാട്ടുകരയിലെ മണപ്പുറം കടത്തുകടവിലാണ് യാത്രക്കാർക്ക് അപകടഭീഷണി ഉയരുന്നത്.ദേശീയപാതയിലെ പറവൂർ കവലയിൽ നിന്നും മംഗലപ്പുഴ ജിസിഡിഎ ഭാഗത്തുനിന്നും ആലുവ ടൗണിലേക്ക് എളുപ്പവഴി തേടുന്നവരാണ് പലപ്പോഴും ഈ വഴിയിലെത്തുന്നത്. എന്നാൽ കടത്തുകടവിൽ റോഡ് അവസാനിക്കുന്നത് അറിയാതെ മുന്നോട്ടുപോകുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടാനുള്ള സാധ്യതയുണ്ട്.പകൽ പുഴ കാണാൻ കഴിയുമെങ്കിലും രാത്രിയിൽ അപകടസാധ്യത കൂടുതലാണ്. മണ്ഡലകാലം ആരംഭിച്ചതോടെ ശബരിമല തീർഥാടകരുടെ വാഹനങ്ങളും ഈ വഴി എത്തുന്നുണ്ട്. നാട്ടുകാർ ഇടപെട്ട് നിരവധി വാഹനങ്ങളെ അപകടത്തിൽനിന്ന് രക്ഷപ്പെടുത്തിയതായി നഗരസഭാ മുൻ സ്ഥിരംസമിതി അധ്യക്ഷൻ ജെറോം മൈക്കിൾ പറഞ്ഞു.
സ്ഥലം പരിശോധിക്കാൻ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും ഇതുവരെ ആവശ്യമായ സുരക്ഷാ നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. നിലവിൽ നാട്ടുകാർ സ്ഥാപിച്ച രണ്ട് ചെറിയ ‘നോ എൻട്രി’ ബാരിക്കേഡുകൾ മാത്രമാണ് മുന്നറിയിപ്പായുള്ളത്.വ്യക്തമായി കാണാവുന്ന അപകട മുന്നറിയിപ്പ് ബോർഡുകളും സുരക്ഷാ സംവിധാനങ്ങളും അടിയന്തരമായി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അപകടം സംഭവിച്ചശേഷം നടപടിയെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന ആവശ്യവും ശക്തമാണ്.


