കണ്ണൂർ: ധർമ്മടം മണ്ഡലത്തിൽ എൽഡിഎഫിനെ അമ്പരപ്പിച്ച് യുഡിഎഫ് മുന്നേറ്റം. ആദ്യ അഞ്ച് റൗണ്ടുകൾ വോട്ടെണ്ണി കഴിഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ 1090 വോട്ടുകളുടെ പിന്നിലാണ്. യുഡിഎഫ് സ്ഥാനാർത്ഥി വി.പി. അബ്ദുൾ റഷീദാണ് മുന്നിൽ.
ആകെ 15 റൗണ്ടുകളാണ് വോട്ടെണ്ണൽ നടക്കുന്നത്.
ആദ്യ റൗണ്ടിൽ തന്നെ പിണറായി വിജയനെ മറികടന്ന് അബ്ദുൾ റഷീദ് ലീഡ് നേടി. ആദ്യ റൗണ്ടിൽ പിണറായി വിജയൻ 5008 വോട്ടുകളും അബ്ദുൾ റഷീദ് 5741 വോട്ടുകളും നേടി. 733 വോട്ടുകളുടെ ലീഡോടെയാണ് തുടക്കം.
രണ്ടാം റൗണ്ടിൽ ലീഡ് 2523 വോട്ടുകളായി ഉയർന്നു. മൂന്നാം റൗണ്ടിന് ശേഷം അത് 2077 ആയി കുറഞ്ഞെങ്കിലും നാലാം റൗണ്ടിൽ വീണ്ടും ഉയർന്ന് 2812 വോട്ടുകളായി മാറി.
ഇപ്പോൾ അഞ്ച് റൗണ്ടുകൾ പൂർത്തിയായപ്പോൾ ആകെ കണക്കിൽ യുഡിഎഫ് 27869 വോട്ടുകളും പിണറായി വിജയൻ 26779 വോട്ടുകളും നേടിയിട്ടുണ്ട്. നിലവിൽ 1090 വോട്ടുകളുടെ ലീഡാണ് യുഡിഎഫിന്. ഇനി 10 റൗണ്ടുകൾ കൂടി എണ്ണാനുണ്ട്.




