കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫ് പ്രദേശത്ത് വിവിധ തരത്തിലുള്ള മയക്കുമരുന്നുകളും സൈക്കോട്രോപിക് പദാർഥങ്ങളും കൈവശം വെച്ചിരുന്ന പ്രവാസി പിടിയിൽ. ഈജിപ്ഷ്യൻ സ്വദേശിയെയാണ് ജനറൽ ഡിപ്പാർട്ട്മെന്റ് ഫോർ ഡ്രഗ് കൺട്രോൾ അറസ്റ്റ് ചെയ്തത്.
രഹസ്യ വിവരങ്ങളും കൃത്യമായ അന്വേഷണവും നിരീക്ഷണവും അടിസ്ഥാനമാക്കിയാണ് പ്രതിയെ പിടികൂടിയതെന്ന് അധികൃതർ അറിയിച്ചു. പരിശോധനയിൽ പ്രതിയുടെ പക്കൽ നിന്ന് മയക്കുമരുന്ന് രാസവസ്തുക്കൾ കലർത്തിയ 140 എ4 സൈസ് പേപ്പറുകൾ, 40 ഗ്രാം ഹാഷിഷ്, 15 ഗ്രാം ക്രിസ്റ്റൽ മെത്ത്, 200 മില്ലി സിബിഡി എന്നിവയും മയക്കുമരുന്ന് വിതരണം ചെയ്യാൻ ഉപയോഗിച്ചിരുന്ന രണ്ട് ഡിജിറ്റൽ ത്രാസുകളും പിടിച്ചെടുത്തു.
മയക്കുമരുന്ന് കലർത്തിയ പേപ്പറുകൾ ഉപയോഗിച്ച് പൊലീസിന്റെ ശ്രദ്ധയിൽപ്പെടാതെ ലഹരി വസ്തുക്കൾ വിതരണം ചെയ്യാനായിരുന്നു പ്രതിയുടെ ശ്രമം. എന്നാൽ മയക്കുമരുന്ന് വിരുദ്ധ വിഭാഗത്തിന്റെ ജാഗ്രതയും കാര്യക്ഷമമായ അന്വേഷണ നടപടികളും കുറ്റകൃത്യം തടയാൻ സഹായിച്ചതായും അധികൃതർ അറിയിച്ചു.
പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും പിടിച്ചെടുത്ത വസ്തുക്കളോടൊപ്പം ഇയാളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.






