തിരുവനന്തപുരം: ദുബായിലെ ഒരു പ്രമുഖ ആശുപത്രി അപ്രതീക്ഷിതമായി പ്രവർത്തനം നിർത്തിയതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട മലയാളി നഴ്സുമാരുടെ പ്രശ്നത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടിയന്തര ഇടപെടൽ തേടി കേരള മുഖ്യമന്ത്രി. യു.എ.ഇയിലെ സാഹചര്യത്തിൽ പ്രതിസന്ധിയിലായ നഴ്സുമാർക്കും അവരുടെ കുടുംബങ്ങൾക്കും ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് മുഖ്യമന്ത്രിയുടെ ആവശ്യം.
ആശുപത്രി അടച്ചുപൂട്ടിയതോടെ കേരളത്തിൽ നിന്നുള്ള നഴ്സുമാർ ഉൾപ്പെടെ നൂറുകണക്കിന് ഇന്ത്യൻ പൗരന്മാർക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇത് ഒരു തൊഴിൽ പ്രശ്നം മാത്രമല്ലെന്നും നിരവധി കുടുംബങ്ങളുടെ ഉപജീവനത്തെയും ഭാവിയെയും ബാധിക്കുന്ന ഗുരുതര വിഷയമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
തൊഴിൽ നഷ്ടപ്പെട്ടവർക്ക് യു.എ.ഇയിൽ തന്നെ ബദൽ തൊഴിൽ അവസരങ്ങൾ കണ്ടെത്താൻ കേന്ദ്ര സർക്കാർ സഹായിക്കണമെന്നും വിസാ കാലാവധി ഉൾപ്പെടെയുള്ള നിയമപരവും സാങ്കേതികവുമായ പ്രശ്നങ്ങളിൽ നയതന്ത്രതലത്തിൽ ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർഷങ്ങളായി യു.എ.ഇയെ സ്വന്തം നാടുപോലെ കണ്ട് ജീവിക്കുന്ന പ്രവാസി കുടുംബങ്ങൾക്ക് ആശുപത്രിയുടെ അപ്രതീക്ഷിത അടച്ചുപൂട്ടൽ വലിയ മാനസികവും സാമ്പത്തികവുമായ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേന്ദ്ര സർക്കാരിന്റെ സമയോചിതമായ ഇടപെടൽ ഈ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
അതേസമയം, പ്രതിസന്ധിയിലായ നഴ്സുമാരുടെ വിവരങ്ങൾ ശേഖരിക്കാനും ആവശ്യമായ നിയമസഹായവും പിന്തുണയും ഉറപ്പാക്കാനും നോർക്കയ്ക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്.






