റിയാദ്: മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ജിദ്ദയിൽ അന്തരിച്ചു. മലപ്പുറം വണ്ടൂർ അയനികോട് സ്വദേശി പാലൂരാൻ അബ്ദുറഹ്‌മാൻ (55) ആണ് ഹൃദയാഘാതത്തെ തുടർന്ന് ജിദ്ദയിലെ സനാബീലിൽ മരണപ്പെട്ടത്. കഴിഞ്ഞ 12 വർഷമായി അദ്ദേഹം ജിദ്ദയിൽ ജോലി ചെയ്തുവരികയായിരുന്നു.
അടുത്ത ആഴ്ച നടക്കാനിരുന്ന മകളുടെ നിക്കാഹിന് പങ്കെടുക്കുന്നതിനായി എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി, ചൊവ്വാഴ്ച നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് അപ്രതീക്ഷിതമായി മരണം സംഭവിച്ചത്.
പരേതനായ പാലൂരാൻ മൊയ്തീൻ്റെയും ഉമ്മുകുൽസുവിയുടെയും മകനാണ് അബ്ദുറഹ്‌മാൻ. ഭാര്യ ഫാത്തിമ സബീറ. മക്കൾ: സഫ റഹ്‌മാൻ, ശിഫ, ശമ, മുഹമ്മദ് സഹൽ. സഹോദരങ്ങൾ: നജീബ്, സുഹ്റ, സാജിദ, സാഹിറ, ഹസിന.
മൃതദേഹം ജിദ്ദയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. നിയമനടപടികൾ പൂർത്തിയാക്കുന്നതിനും കുടുംബത്തിന് സഹായം നൽകുന്നതിനുമായി ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്. സന്തോഷത്തോടെ കാത്തിരുന്ന കുടുംബത്തിന് അബ്ദുറഹ്‌മാൻ്റെ വിയോഗം തീരാത്ത വേദനയായി മാറി.




