തെലങ്കാന: ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലുണ്ടായ സ്ഫോടനത്തില്‍ 10 മരണം. 14 തൊഴിലാളികള്‍ക്കു പരുക്കേറ്റു. ഫാക്ടറിക്കുള്ളിലെ റിയാക്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടം. സങ്കറെഡ്ഡി ജില്ലയില്‍ പശമൈലാരത്ത് പ്രവര്‍ത്തിക്കുന്ന സിഗാച്ചി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ തീപിടുത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു എന്നാണു വിവരം. സമീപത്തെ മറ്റു ചില കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നിട്ടുണ്ട്. പതിനൊന്നോളം ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി. തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. അപകടത്തില്‍ പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ പലരുടെയും നില അതീവ ഗുരുതരമാണ്.
സ്ഫോടനമുണ്ടായ സമയത്ത് കെട്ടിടത്തിനുള്ളില്‍ 35 തൊഴിലാളികളുണ്ടായിരുന്നുഎന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തീപിടിച്ച കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കടിയില്‍ തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണു വിവരം. ഇവര്‍ക്കായുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്. അന്യ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഈ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയിലെ ജീവനക്കാരിലേറെയും.






