ഹൈദരാബാദ്: എസ്ഐആറിന്റെ ഭാഗമായി വ്യാജ ഫോം-7 അപേക്ഷകൾ നൽകി വോട്ടർമാരുടെ പേരുകൾ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്യാൻ ശ്രമം നടക്കുന്നതായി എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി ആരോപിച്ചു. വ്യാജ അപേക്ഷകൾ സമർപ്പിക്കുന്നവർക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം നടപടികൾ തുടർന്നാൽ ജന്തർ മന്തറിനേക്കാൾ വലിയ പ്രതിഷേധങ്ങൾക്ക് ഹൈദരാബാദിലെ തെരുവുകൾ സാക്ഷ്യം വഹിക്കുമെന്നും ഉവൈസി മുന്നറിയിപ്പ് നൽകി. മിലാദ് മൈതാനത്ത് നടന്ന 57-ാമത് ജൽസ-ഇ-മിലാദ്-ഉൻ-നബി ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വോട്ടർ പട്ടികയിൽനിന്ന് പേരുകൾ ഒഴിവാക്കുന്നതിനായി ബിജെപിയും സംഘപരിവാറും ഫോം-7 ദുരുപയോഗം ചെയ്യുകയാണെന്നാണ് ഉവൈസിയുടെ ആരോപണം. വോട്ട് ഒഴിവാക്കേണ്ട വ്യക്തിയുടെ പേര് മാത്രം രേഖപ്പെടുത്തി അപേക്ഷകന്റെ വിശദാംശങ്ങൾ ഉൾപ്പെടുത്താതെ ഫോം-7 സമർപ്പിക്കുന്ന രീതി തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ തെലങ്കാന ചീഫ് ഇലക്ടറൽ ഓഫീസർക്കും ജില്ലാ ഇലക്ടറൽ ഓഫീസർമാർക്കും പരാതി നൽകുമെന്നും ഇത്തരം അനാസ്ഥ അനുവദിക്കില്ലെന്നും ഉവൈസി വ്യക്തമാക്കി. വോട്ടർ പട്ടിക പരിശോധനയുടെ പേരിൽ പൗരത്വ പരിശോധന നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും ഇതിനെ തുടക്കം മുതൽ എതിർക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
വോട്ടർ പട്ടികയിൽനിന്ന് ഒരാളുടെ പേര് ഒഴിവാക്കുന്നതിനോ പേര് ചേർക്കുന്നതിനെതിരെ ആക്ഷേപം ഉന്നയിക്കുന്നതിനോ തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകുന്ന ഔദ്യോഗിക അപേക്ഷാ ഫോമുകളിലൊന്നാണ് ഫോം-7. മരണം, പ്രായപൂർത്തിയാകാത്തത്, സ്ഥിരമായി താമസം മാറിയത്, മറ്റൊരു സ്ഥലത്ത് ഇതിനകം പേര് ഉൾപ്പെട്ടത്, ഇന്ത്യൻ പൗരത്വമില്ലായ്മ തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഫോം-7 വഴി പേര് നീക്കം ചെയ്യാൻ അപേക്ഷിക്കുന്നത്. എന്നാൽ ഫോം-7 ദുരുപയോഗം ചെയ്ത് മനഃപൂർവം വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതായി പ്രതിപക്ഷ കക്ഷികൾ ആരോപിക്കുന്നുണ്ട്.




