തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി ഹോസ്റ്റലിലുണ്ടായ യൂത്ത് കോൺഗ്രസ്-പൊലീസ് അതിക്രമത്തിൽ കർശന നടപടി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകി. ആസൂത്രിത അക്രമസംഭവങ്ങളിൽ അടിയന്തര നടപടി സ്വീകരിക്കണമെന്നും അക്രമത്തിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെയും അധികാര ദുർവിനിയോഗം നടത്തിയ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
പതിവ് സമരകേന്ദ്രങ്ങൾ ഒഴിവാക്കി ഹോസ്റ്റൽ പരിസരത്തുനിന്ന് മാർച്ച് ആരംഭിക്കാനുള്ള യൂത്ത് കോൺഗ്രസ് തീരുമാനം ബോധപൂർവം സംഘർഷം സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്ന് പിണറായി വിജയൻ ആരോപിച്ചു. സെപ്റ്റംബർ 30ന് രാത്രി ഇരുന്നൂറോളം വരുന്ന സംഘം വടിവാൾ, കരിങ്കല്ല്, ബിയർ കുപ്പികൾ തുടങ്ങിയ ആയുധങ്ങളുമായി ഹോസ്റ്റൽ വളയുകയും തീപ്പന്തങ്ങൾ വലിച്ചെറിയുകയും ചെയ്തെന്നാണ് കത്തിലെ ആരോപണം. ജില്ലാ അധ്യക്ഷൻ ഉൾപ്പെടെയുള്ളവർ കല്ലെറിയുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടും അവരെ പിന്തിരിപ്പിക്കാൻ നേതൃത്വമോ പൊലീസോ തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു.
മാർച്ചിന് ശേഷം തിരിച്ചെത്തി അക്രമം തുടർന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് പൊലീസ് സംരക്ഷണം നൽകിയെന്നും കത്തിൽ ആരോപിക്കുന്നു. തുടർന്ന് പ്രശ്നപരിഹാരത്തിനെന്ന പേരിൽ വാർഡന്റെ അനുമതിയില്ലാതെ ഹോസ്റ്റൽ ഗേറ്റ് തകർത്ത് അകത്തുകയറിയ പൊലീസ് എസ്എഫ്ഐ പ്രവർത്തകരെ മർദിച്ചെന്നും പിണറായി വിജയൻ ആരോപിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം വിദ്യാർഥികളെ ശാന്തരാക്കാൻ എത്തിയ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറിയെയും പൊലീസ് മർദിച്ചെന്നാണ് കത്തിലെ ആരോപണം. സംഭവത്തിൽ മൂന്ന് വിദ്യാർഥികൾക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും നാൽപ്പതോളം പേർക്ക് മർദനമേൽക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ആംബുലൻസ് അക്രമികൾ തടഞ്ഞ സംഭവത്തിലും പൊലീസ് മൗനം പാലിച്ചെന്നും കത്തിൽ ആരോപിക്കുന്നു.
പൊതുമുതൽ നശിപ്പിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്കെതിരെ പി.ഡി.പി.പി ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പൊലീസ് തയ്യാറായില്ലെന്നും, പൊലീസിനെതിരെ പ്രതിഷേധിച്ച സിപിഐഎം നേതാക്കളായ കടകംപള്ളി സുരേന്ദ്രനും വി. ജോയിക്കുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തത് ഇരട്ടനീതിയാണെന്നും പിണറായി വിജയൻ ആരോപിച്ചു.
എസ്എഫ്ഐ ജില്ലാ സെക്രട്ടറിയെ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസിൽ കയറി അറസ്റ്റ് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രിയുടെ പേര് പരാമർശിച്ച് ഭീഷണിപ്പെടുത്തിയ കന്റോൺമെന്റ് എസ്ഐയുടെ നടപടിയും കത്തിൽ ചൂണ്ടിക്കാട്ടി. പൊലീസ് ആക്ടിന്റെ ലംഘനവും സ്വതന്ത്ര രാഷ്ട്രീയ പ്രവർത്തനത്തോടുള്ള വെല്ലുവിളിയുമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
നിയമം സംരക്ഷിക്കാൻ ബാധ്യതയുള്ള പൊലീസ് ഉദ്യോഗസ്ഥർ തന്നെ നിയമലംഘകർക്ക് സംരക്ഷണം നൽകുന്ന സാഹചര്യമുണ്ടായെന്ന് ആരോപിച്ച പിണറായി വിജയൻ, ആഭ്യന്തര മന്ത്രി അടിയന്തരമായി ഇടപെടണമെന്നും കുറ്റക്കാർക്കെതിരെ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ കർശന നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.




