ലഖ്‌നൗ: ഗോരഖ്പൂരിൽ സമാജ്‌വാദി പാർട്ടി വാർത്താസമ്മേളനത്തിനിടെ നേതാക്കളുടെ അനുയായികൾ തമ്മിൽ കയ്യാങ്കളി. ശനിയാഴ്ച നടന്ന വാർത്താസമ്മേളനത്തിനിടെയാണ് ഇരിക്കുന്ന സീറ്റിനെ ചൊല്ലി മുൻ ജില്ലാ പ്രസിഡന്റ് നഗിന സഹാനിയുടെയും പാർട്ടി നേതാവ് അൻഷുമാൻ സിങ്ങിന്റെയും അനുയായികൾ തമ്മിൽ തർക്കമുണ്ടായത്. സംഘർഷത്തെ തുടർന്ന് വാർത്താസമ്മേളനം തടസപ്പെട്ടു.
ഒക്ടോബർ 2 മുതൽ 8 വരെ നടക്കുന്ന പാർട്ടിയുടെ ‘ലോക്തന്ത്ര ബച്ചാവോ സപ്താഹ്’ പ്രചാരണ പരിപാടിയെക്കുറിച്ച് മാധ്യമങ്ങളെ അറിയിക്കുന്നതിനായി ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിനിടെയായിരുന്നു സംഭവം. പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിക്കിടെയാണ് തർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയത്.
അൻഷുമാൻ സിങ്ങിന്റെ മകൻ കമലേഷ് സിംഗ് സഹാനിയെ മർദിച്ചതായി ആരോപണമുണ്ട്. തുടർന്ന് പാർട്ടി ഭാരവാഹികളും മുതിർന്ന നേതാക്കളും ഇടപെട്ടാണ് ഇരുവിഭാഗത്തെയും പിരിച്ചുവിട്ടത്. സംഭവത്തിന്റെ ദൃശ്യങ്ങളെന്ന് അവകാശപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.
അതേസമയം, തന്റെ പ്രതിച്ഛായ തകർക്കാൻ വിവാദം ഉപയോഗിക്കുകയാണെന്ന് അൻഷുമാൻ സിംഗ് ആരോപിച്ചു. പാർട്ടിയിലെ രാഷ്ട്രീയ എതിരാളികൾ അനാവശ്യ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അൻഷുമാൻ സിങ്ങിന്റെ അനുയായികൾ മോശമായി പെരുമാറുകയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി സഹാനി ആരോപിച്ചു. ചിലർ ആയുധങ്ങളുമായി വേദിയിലെത്തിയെന്നും അദ്ദേഹം ആരോപണമുന്നയിച്ചു.
സംഭവം പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും തുടർനടപടികൾ സംബന്ധിച്ച് പാർട്ടി നേതൃത്വം തീരുമാനിക്കുമെന്നും ജില്ലാ പ്രസിഡന്റ് ബ്രിജേഷ് ഗൗതം അറിയിച്ചു. സംഭവം നിർഭാഗ്യകരമാണെന്ന് പ്രാദേശിക എസ്പി നേതാവ് കാജൽ നിഷാദ് പ്രതികരിച്ചു. പാർട്ടി പ്രവർത്തകർ സംയമനം പാലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.




