പാലക്കാട്: ജില്ലയിൽ മലമ്പുഴ, ഷൊർണൂർ, തരൂർ, ഒറ്റപ്പാലം മണ്ഡലങ്ങളിലായി എട്ട് ബൂത്തുകളിൽ കള്ളവോട്ട് പരാതികൾ ഉയർന്നു. വോട്ടർമാർ ബൂത്തിലെത്തിയപ്പോൾ തന്നെ അവരുടെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ട് ഇവർക്ക് ടെൻഡർ വോട്ട് ചെയ്യാൻ അവസരം നൽകി.
മലമ്പുഴയിലെ പുതുപ്പരിയാരം എം.എം.യു.പി. സ്കൂളിലെ 60-ാം നമ്പർ ബൂത്തിൽ 69-കാരനായ വിജയന്റെ വോട്ട് മറ്റാരോ ചെയ്തതായി കണ്ടെത്തി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ഉദ്യോഗസ്ഥർ ടെൻഡർ വോട്ട് അനുവദിച്ചു.
ഷൊർണൂരിലെ പരുത്തിപ്ര ബി.എം.എസ്.എൽ.പി. സ്കൂളിലെ 169-ാം നമ്പർ ബൂത്തിൽ ബി. നിഖിലിന്റെ കന്നിവോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയതായി കണ്ടെത്തി. നിഖിലിനും ടെൻഡർ വോട്ട് അനുവദിച്ചു.
തരൂരിലെ പരുത്തിപ്പുള്ളി എ.എൽ.പി. സ്കൂളിലെ 18-ാം നമ്പർ ബൂത്തിൽ കെ.എൽ. ബേബിയുടെ വോട്ടും മറ്റാരോ ചെയ്തതായി കണ്ടെത്തി. പരാതി ഉയർന്നതോടെ സെക്ടർ ഓഫീസർ ഇടപെട്ട് ടെൻഡർ വോട്ട് അനുവദിച്ചു.
കോങ്ങാട് മണ്ഡലത്തിലെ പറശ്ശേരി പി.ബി.യു.പി. സ്കൂൾ ബൂത്തിൽ പ്രഭാവതിയുടെ വോട്ടും മറ്റാരോ ചെയ്തതായി കണ്ടെത്തി. തുടർന്ന് ഇവർക്കും ടെൻഡർ വോട്ട് അനുവദിച്ചു.
ഒറ്റപ്പാലം മണ്ഡലത്തിൽ നാല് ബൂത്തുകളിലായി കള്ളവോട്ട് കണ്ടെത്തി. മീറ്റ്‌ന സീനിയർ ബേസിക് സ്കൂളിലെ 168, 169 ബൂത്തുകളിലും ഈസ്റ്റ് ഒറ്റപ്പാലം പടിഞ്ഞാർക്കര എൽ.പി. സ്കൂളിലെ 163-ാം നമ്പർ ബൂത്തിലുമാണ് സുലോചന, ഉണ്ണിക്കൃഷ്ണൻ, മുസ്തഫ എന്നിവരുടെ വോട്ടുകൾ മറ്റാരോ രേഖപ്പെടുത്തിയത്. അമ്പലപ്പാറ എ.എൽ.പി. സ്കൂളിലെ 98-ാം നമ്പർ ബൂത്തിൽ പ്രഭാകരന്റെയും വോട്ട് മറ്റൊരാൾ ചെയ്തതായി കണ്ടെത്തി. ഇവർക്കെല്ലാം ടെൻഡർ വോട്ട് അനുവദിച്ചു.




