ഫരീദാബാദ്: ഭാര്യയുമായി വഴക്കിട്ട ശേഷം 4 മക്കളുമായി യുവാവ് ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കി. ബിഹാര്‍ സ്വദേശി മനോജ് മഹാതോ (45), മക്കളായ പവന്‍ (10), കാരു (9), മുരളി (5), ചോട്ടു (3) എന്നിവരാണു മരിച്ചത്.
ഭാര്യ പ്രീതിയുമായുള്ള വഴക്കിനൊടുവില്‍ പാര്‍ക്കില്‍ പോകുന്നെന്നു പറഞ്ഞ് കുട്ടികളുമായി വീട്ടില്‍ നിന്നിറങ്ങിയതാണ് മനോജ് . എന്നാല്‍, പാര്‍ക്കിലേക്കു പോകുന്നതിനു പകരം തൊട്ടടുത്തുള്ള റെയില്‍പാതയിലേക്കാണു നടന്നത്. അതിനിടെ, കുട്ടികള്‍ക്ക് ചിപ്‌സും ജ്യൂസും വാങ്ങിക്കൊടുത്തിരുന്നെന്നു പരിസരവാസികള്‍ പൊലീസിനെ അറിയിച്ചു.
റെയില്‍പാതയ്ക്കു സമീപത്തെ മേല്‍പാലത്തില്‍ മക്കളുമായി ഒരുമണിക്കൂറോളം മനോജ് കാത്തിരുന്നെന്നാണു പൊലീസിനു ലഭിച്ച വിവരം. ട്രെയിന്‍ വരുന്നതു കണ്ടതും മനോജ് ചെറിയ കുട്ടികളെ തോളിലിരുത്തി, മറ്റു രണ്ടുപേരെ ബലമായി ചേര്‍ത്ത് പിടിച്ച് പാളത്തിനു നടുവില്‍ കയറി നിന്നു.
പാളത്തില്‍ നിന്നിറങ്ങാന്‍ ഗോള്‍ഡന്‍ ടെംപിള്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റ് മുന്നറിയിപ്പു നല്‍കിയെങ്കിലും മനോജ് കൂട്ടാക്കിയില്ലെന്നു റെയില്‍വേ പൊലീസ് പറഞ്ഞു. തൊട്ടുപിന്നാലെ ട്രെയിന്‍ 5 പേരെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. മൃതദേഹാവശിഷ്ടങ്ങള്‍ 200 മീറ്റര്‍ അകലേക്കു വരെ തെറിച്ചുവീണെന്ന് ഫരീദാബാദ് ഗവണ്‍മെന്റ് റെയില്‍വേ പൊലീസ് എസ്എച്ച്ഒ ഇന്‍സ്‌പെക്ടര്‍ രാജ് പാല്‍ പറഞ്ഞു.
മനോജിന്റെ മൃതദേഹത്തില്‍നിന്ന് ആധാര്‍ കാര്‍ഡും ഭാര്യയുടെ ഫോണ്‍ നമ്പര്‍ എഴുതിയ കടലാസും ലഭിച്ചതോടെയാണു തിരിച്ചറിഞ്ഞതെന്ന് പൊലീസ് പറഞ്ഞു.
സംശയത്തിന്റെ പേരിലാണ് ഇയാള്‍ ഭാര്യയുമായി നിരന്തരം വഴക്കിട്ടിരുന്നതെന്നും സ്ഥലത്തെത്തിയ പിന്നാലെ കുഴഞ്ഞുവീണ ഭാര്യപ്രീതിയെ ആശുപത്രിയിലാക്കിയെന്നും പൊലീസ് പറഞ്ഞു. റെയില്‍പാതയോട് ചേര്‍ന്ന് സുഭാഷ് കോളനിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.






