പാലക്കാട്: വടക്കഞ്ചേരിയിൽ അഞ്ചു മാസം മുൻപ് കാണാതായ തമിഴ്നാട് സ്വദേശിയായ ഗൃഹനാഥനെ അന്വേഷിച്ച് ഭാര്യയും മകനും വടക്കഞ്ചേരിയിലെത്തി. പൊള്ളാച്ചി സോമന്തറൈ സിത്തൂർ ഗ്രാമത്തിലെ വീട്ടിൽനിന്നു കാണാതായ സെന്തിൽ കുമാറിനെ (40) തേടിയാണ് ഭാര്യ ബേബിയും മകൻ ദാമോദരനും എത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 28നാണ് സെന്തിൽ കുമാറിനെ കാണാതായത്. കെട്ടുപണിക്കും തേപ്പ് പണിക്കുമായി കോയമ്പത്തൂരേക്കു പോകുന്നുവെന്ന് പറഞ്ഞാണ് ഇദ്ദേഹം വീട്ടിൽ നിന്നിറങ്ങിയത്.
എന്നാൽ രാത്രിയായിട്ടും തിരിച്ചെത്താത്തതിനെത്തുടർന്ന് ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് കുടുംബം പൊള്ളാച്ചി പൊലീസിൽ പരാതി നൽകി അന്വേഷിച്ചു വരികയായിരുന്നു. തമിഴ്നാട്ടിലെ അയൽ ഗ്രാമത്തിലുള്ള ഒരു ലോറി ഡ്രൈവർ വടക്കഞ്ചേരിയിൽ വെച്ച് സെന്തിൽ കുമാറിനെ കണ്ടതായി അറിയിച്ചതിനെത്തുടർന്നാണ് കുടുംബം അന്വേഷണം വടക്കഞ്ചേരിയിലേക്ക് വ്യാപിപ്പിച്ചത്.
ഭർത്താവിനെ അന്വേഷിച്ച് ബേബി അലയുന്നത് ശ്രദ്ധയിൽപ്പെട്ട ഗ്രാമപ്പഞ്ചായത്ത് അധ്യക്ഷൻ സി. പ്രസാദ്, ഇവർക്ക് സഹായവുമായി എത്തുകയും പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ നിർദേശിക്കുകയും ചെയ്തു. സാമ്പത്തിക ബാധ്യതകളെത്തുടർന്നാണ് സെന്തിൽ കുമാർ നാടുവിട്ടതെന്നാണ് വിവരം. പണം ചോദിച്ച് ആളുകൾ വീട്ടിലെത്തിയതോടെയാണ് ഇദ്ദേഹം മാറിനിൽക്കാൻ തീരുമാനിച്ചത്. അതിനിടെ, സെന്തിൽ കുമാറിന് രൂപ സാദൃശ്യമുള്ളയാളെ കണ്ടതായി വടക്കഞ്ചേരിയിലെ ചില നാട്ടുകാർ പറഞ്ഞത് കുടുംബത്തിന് ആശ്വാസമായിട്ടുണ്ട്.






