ചെന്നൈ: മകളെ വെട്ടിക്കൊന്ന കേസിലെ പ്രതിയെ അഞ്ച് മാസത്തിന് ശേഷം യുവതിയുടെ അച്ഛനും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. തഞ്ചാവൂർ മേലകാലക്കുടി സ്വദേശി പുണ്യമൂർത്തിയും കൂട്ടാളികളും ചേർന്നാണ് കൊലക്കേസ് പ്രതിയായ അജിത് കുമാറിനെ വെട്ടിക്കൊന്നത്.
ജാമ്യത്തിലിറങ്ങിയ പ്രതിയെ വീട്ടിൽ കയറി ആക്രമിക്കുകയായിരുന്നു. കൊലപാതകത്തിന് ശേഷം രക്തം പുരണ്ട വടിവാളുകളുമായി പുണ്യമൂർത്തിയും നാല് കൂട്ടാളികളും പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
കഴിഞ്ഞ നവംബറിലാണ് ആലങ്കുടി ആദിദ്രാവിഡർ വെൽഫെയർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായ കാവ്യയെ അജിത് കുമാർ കൊലപ്പെടുത്തിയത്.
വിവാഹനിശ്ചയം കഴിഞ്ഞതിലുള്ള വൈരാഗ്യത്തെ തുടർന്നാണ് സ്കൂളിലേക്ക് പോകുന്നതിനിടെ കാവ്യയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിക്കൊന്നത്. ഈ കേസിൽ ജയിലിലായിരുന്ന അജിത് കുമാർ കഴിഞ്ഞ മാസമാണ് ജാമ്യത്തിലിറങ്ങിയത്. തുടർന്ന് ശനിയാഴ്ച രാവിലെ പുണ്യമൂർത്തിയും ബന്ധുക്കളായ ലോകേഷ് രാമലിംഗം , കറുപ്പയ്യ എന്നിവരും ചേർന്ന് അജിത്തിനെ ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് ഇവർ അമ്മപ്പേട്ട പോലീസ് സ്റ്റേഷനിൽ കീഴടങ്ങി.




