ന്യൂഡൽഹി: കുംഭമേള വൈറൽ താരത്തിന്റെ വിവാദ വിവാഹ കേസിൽ അന്വേഷണം ശക്തമാക്കാൻ മധ്യപ്രദേശ് പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് വീണ്ടും കേരളത്തിലേക്ക് എത്തും. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് പ്രധാന ശ്രമം. ദേശീയ പട്ടികവർഗ കമ്മീഷൻൻറെ നിർദ്ദേശപ്രകാരം കേസിൽ കൂടുതൽ വകുപ്പുകൾ ചേർക്കാനും തീരുമാനം എടുത്തിട്ടുണ്ട്. പെൺകുട്ടി പ്രായപൂർത്തിയായിട്ടില്ലെന്നാണ് കമ്മീഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഇതിനെ തുടർന്ന് മധ്യപ്രദേശ് പൊലീസിനും കേരള പൊലീസിനും അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിരുന്നു. ഇരുസംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ കമ്മീഷന് മുന്നിൽ ഹാജരായെങ്കിലും അന്വേഷണം പൂർത്തിയായിട്ടില്ലെന്നാണ് മധ്യപ്രദേശ് പൊലീസ് അറിയിച്ചത്.
അതേസമയം, പെൺകുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചെന്നും വിവാഹത്തിൽ നിയമലംഘനം ഉണ്ടായിട്ടില്ലെന്നുമാണ് കേരള പൊലീസിന്റെ നിലപാട്. മുൻപ് പെൺകുട്ടിയുടെ മൊഴി എടുക്കാൻ ശ്രമിച്ചെങ്കിലും അത് സാധിച്ചില്ലെന്നും മധ്യപ്രദേശ് പൊലീസ് അറിയിച്ചു.
ഇരുപക്ഷത്തിന്റെയും അന്വേഷണത്തിൽ കമ്മീഷൻ അതൃപ്തി രേഖപ്പെടുത്തി. ഇതോടെ വീണ്ടും കേരളത്തിലെത്തി പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്താനാണ് മധ്യപ്രദേശ് പൊലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ തട്ടിക്കൊണ്ടുപോകൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസിൽ കേരളം ഹൈ കോടതി മുൻകൂർ ജാമ്യം അനുവദിച്ചിട്ടുണ്ട്.
പോക്സോ നിയമം ഉൾപ്പെടെ കൂടുതൽ വകുപ്പുകൾ ചേർത്ത് അന്വേഷണം തുടരാൻ പെൺകുട്ടിയുടെ മൊഴിയും മറ്റ് രേഖകളും അനിവാര്യമാണെന്ന് മധ്യപ്രദേശ് പൊലീസ് വ്യക്തമാക്കി.




