ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസി ജില്ലയിൽ മൂന്ന് വയസ്സുകാരനായ മകനെ കൊലപ്പെടുത്തിയ ശേഷം അച്ഛൻ ആത്മഹത്യ ചെയ്തു. ധിമാർപുര ഗ്രാമത്തിലാണ് ദാരുണ സംഭവം നടന്നത്. വീട്ടിനുള്ളിൽ അച്ഛനെ തൂങ്ങിമരിച്ച നിലയിലും, സമീപത്ത് കുഞ്ഞിനെ മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. 38 വയസ്സുകാരനായ പ്രേം സിങ് മകൻ ഭരത് എന്നിവരാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി ഒരു വിവാഹത്തിൽ പങ്കെടുത്ത് വീട്ടിലെത്തിയ പ്രേം സിങ് മദ്യപിച്ച നിലയിലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ഇതിനെ തുടർന്ന് വീട്ടിൽ വാക്കുതർക്കം ഉണ്ടായതായും റിപ്പോർട്ടുണ്ട്. തുടർന്ന് മകനെ എടുത്ത് മറ്റൊരു മുറിയിൽ കയറി വാതിൽ അടയ്ക്കുകയായിരുന്നു.
കുറച്ച് സമയത്തിന് ശേഷം സംശയം തോന്നിയ കുടുംബാംഗങ്ങൾ മുറി തുറക്കാൻ ശ്രമിച്ചെങ്കിലും വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ പ്രേം തൂങ്ങിമരിച്ച നിലയിലും, കുഞ്ഞ് സമീപത്ത് മരിച്ച നിലയിലുമായിരുന്നു.
കുട്ടിയെ മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കൊലപ്പെടുത്തിയിരിക്കാമെന്നാണ് കുടുംബത്തിന്റെ സംശയം. എങ്കിലും പൊലീസ് ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ രണ്ട് മൃതദേഹങ്ങളും പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്. കുട്ടിയുടെ മരണകാരണം ഉൾപ്പെടെ വിശദമായി പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.




