തിരുവനന്തപുരം: കടുത്ത വേനൽ തുടരുന്ന സാഹചര്യത്തിൽ വൈദ്യുതി മുടങ്ങാതിരിക്കാനായി പരമാവധി ശ്രമിക്കണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതലയോഗം കെഎസ്ഇബിക്ക് നിർദേശം നൽകി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകത കൂടുകയും ലഭ്യത കുറയുകയും ചെയ്തതോടെ രാത്രികളിൽ വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകുന്നുണ്ട്. വരും വർഷങ്ങളിൽ ചൂട് കൂടാനിടയുള്ളതിനാൽ എയർകണ്ടീഷണറുകളുടെ ഉപയോഗവും വർധിക്കുമെന്ന് യോഗം വിലയിരുത്തി. ഇതനുസരിച്ച് വൈദ്യുതിമേഖലയിൽ മുൻകരുതലുകളോടെ ആസൂത്രണം നടത്തണമെന്നും നിർദേശിച്ചു.
ഉഷ്ണതരംഗ സമാനമായ സാഹചര്യത്തെ നേരിടാൻ വിവിധ നടപടികളും യോഗത്തിൽ തീരുമാനിച്ചു. പാമ്പുകടിയുൾപ്പെടെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിനാൽ കൂടുതൽ ആരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനം ലഭ്യമാക്കും. കൂടാതെ ചില ആശുപത്രികളിൽ സ്ഥിരമായി ഹീറ്റ് ആൻഡ് ബേൺ ക്ലിനിക്കുകളും ആരംഭിക്കും.
എല്ലാ അങ്കണവാടികളും ചൂട് ബാധിക്കാത്ത രീതിയിൽ മാറ്റാൻ നടപടി സ്വീകരിക്കും. പൊതുസ്ഥലങ്ങളിൽ കുടിവെള്ളം, ഒആർഎസ്, പ്രഥമശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ ഒരുക്കും. താത്കാലിക തണൽപ്പന്തലുകളും സ്ഥാപിക്കും.ട്രാഫിക് സിഗ്നലുകളുടെ സമയം കുറയ്ക്കുന്നതിനും, പൊതു പരിപാടികൾ, കായിക-കലാപരിപാടികൾ എന്നിവയ്ക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനും നിർദേശം നൽകി. ബസ് സ്റ്റാൻഡുകൾ, ഓട്ടോ-ടാക്‌സി സ്റ്റാൻഡുകൾ എന്നിവിടങ്ങളിൽ തണ്ണീർപ്പന്തലുകളും ഒരുക്കും. കുടിവെള്ള വിതരണം ഉറപ്പാക്കാൻ ജല അതോറിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്. പഞ്ചായത്തുതലത്തിൽ ചൂടിനെ നേരിടാനുള്ള പദ്ധതികളും തയ്യാറാക്കും. യോഗത്തിൽ വിവിധ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.




