തൃശൂർ: തൂത്തുക്കുടിയിൽ പൊലീസ് കോൺസ്റ്റബിൾ ആയ അച്ഛന്റെ പെൺസുഹൃത്തിനെ 28 തവണ വെട്ടി കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ മകൻ ഉൾപ്പെട്ട മൂന്നംഗസംഘത്തെ പിടിച്ചു. തൂത്തുക്കുടി ത്രേസ്യപുരം സ്വദേശി സെൽവി ഇവരുടെ പതിനാറുകാരനായ മകൻ, മകന്റെ സഹപാഠി എന്നിവരാണു വാടകവീട്ടിലെ ഒളിവുജീവിതത്തിനിടെ സിറ്റി പൊലീസിന്റെ പിടിയിലായത്. കമ്മിഷണർ ആർ.ഇളങ്കോ അറിയിച്ചതനുസരിച്ചു തൂത്തുക്കുടി പൊലീസ് സംഘം വൈകിട്ടോടെ തൃശൂരിലെത്തി പ്രതികളെ കൊണ്ടുപോയി. സെൽവിയുടെ മകനും കൂട്ടുകാരനും ചേർന്നാണു കൊലപാതകം നടത്തിയതെന്നു കണ്ടെത്തി. അഞ്ചു ദിവസം മുൻപു തൂത്തുക്കുടി തലമുത്തുനഗറിലായിരുന്നു നടുക്കമുണ്ടാക്കിയ സംഭവം. ശക്തി മഹേശ്വരിയെ വീട്ടിനുള്ളിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സെൽവിയുടെ ഭർത്താവായ കോൺസ്റ്റബിളിനു ശക്തി മഹേശ്വരിയുമായി ബന്ധമുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. തുടർന്ന് ശക്തി മഹേശ്വരിയെ ഇവർ താക്കീതു ചെയ്യുകയും ചെയ്തിരുന്നു. താക്കീത് അവഗണിച്ചതിന്റെ പേരിൽ സെൽവിയുടെ മകൻ സഹപാഠിയെയും കൂട്ടി ശക്തി മഹേശ്വരിയുടെ വീട്ടിൽ കയറി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിനു ശേഷം ഇവർ സെൽവിയെയും കൂട്ടി തിരുവനന്തപുരത്തേക്കാണു കടന്നുകളഞ്ഞത്.എസ്എച്ച്ഒ എം.ജെ.ജിജോ, സിപിഒമാരായ ദീപക്, സൂരജ്, അജ്മൽ, ഹരീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.






