കൊച്ചി: കൊച്ചി മെട്രോ സർവീസ് സാധാരണനിലയിൽ. മെട്രോയുടെ ട്രെയിൻ സാങ്കേതിക പ്രശ്‌നം കാരണം വഴിയിൽ കുടുങ്ങിയതോടെ സർവീസ് തടസപ്പെട്ടിരുന്നു. രാവിലെ എട്ട് മണിയോടെ എംജി റോഡ് മെട്രോ സ്റ്റേഷനിൽവെച്ചാണ് ട്രെയിൻ തകരാറിലായത്. തകരാറിലായ ട്രെയിൻ മറ്റൊരു ട്രെയിനിൽ കെട്ടിവലിച്ച് മുട്ടം യാർഡിലേക്ക് മാറ്റിയതോടെയാണ് മെട്രോ ഗതാഗതം സാധാരണനിലയിലായത്.
തകരാറിനെ തുടർന്ന് ഒന്നര മണിക്കൂറോളം കൊച്ചി മെട്രോ സർവീസ് ഭാഗികമായി തടസപ്പെട്ടു. തൃപ്പൂണിത്തുറയിൽ നിന്ന് ആലുവയ്ക്ക് പോകുന്ന ട്രെയിനാണ് എംജി റോഡ് സ്റ്റേഷൻ എത്തുന്നതിനു മുമ്പ് തകരാറിലായത്. ബ്രേക്ക് തകരാറായതിനെ തുടർന്നായിരുന്നു ട്രെയിൻ വഴിയിൽ കുടുങ്ങിയത്. ഈ ട്രെയിൻ പിന്നീട് പതിയെ എംജി റോഡ് സ്റ്റേഷനിലെത്തിച്ച് യാത്രക്കാരെ അവിടെ ഇറക്കുകയായിരുന്നു. തുടർന്ന് മറ്റൊരു എഞ്ചിൻ ഉപയോഗിച്ച് കെട്ടിവലിച്ച് മുട്ടം യാർഡിലെത്തിക്കുകയായിരുന്നു. മെട്രോ തടസപ്പെട്ടതോടെ വിദ്യാർഥികളും ജോലിസ്ഥലത്തേക്ക് പോയ യാത്രക്കാരുമടക്കം നിരവധി പേരാണ് പ്രതിസന്ധിയിലായത്.










