ന്യൂയോർക്ക്: ലോകകപ്പ് ഫൈനലിനോടനുബന്ധിച്ച് നടക്കുന്ന മെഗാ ഹാഫ് ടൈം സംഗീത പരിപാടിക്ക് സമയപരിധി ഏർപ്പെടുത്തി ഫിഫ. കളിക്കാരുടെ സുരക്ഷയും ഫിറ്റ്നസും പരിഗണിച്ചാണ് ഇടവേള പരമാവധി 17 മിനിറ്റായി നിജപ്പെടുത്തിയത്.
ഫൈനൽ മത്സരത്തിലെ ഹാഫ് ടൈം ബ്രേക്ക് 17 മിനിറ്റിൽ കൂടരുതെന്ന് ഫിഫ സ്പാനിഷ്, അർജന്റീന ഫുട്ബോൾ അസോസിയേഷനുകളെ ഔദ്യോഗികമായി അറിയിച്ചു. സാധാരണ മത്സരങ്ങളിലെ 15 മിനിറ്റ് ഇടവേളയിൽ നിന്ന് രണ്ട് മിനിറ്റ് മാത്രമാണ് അധികമായി അനുവദിച്ചിരിക്കുന്നത്.
ഈ 17 മിനിറ്റിൽ 11 മിനിറ്റ് മാത്രമായിരിക്കും തത്സമയ സംഗീത പരിപാടികൾക്കായി മാറ്റിവെക്കുക. ശേഷിക്കുന്ന സമയം വേദി ഒരുക്കുന്നതിനും മാറ്റുന്നതിനും ഗ്രൗണ്ടിലെ പരിപാലന പ്രവർത്തനങ്ങൾക്കുമാണ് ഉപയോഗിക്കുക.
ലോകകപ്പ് ഫൈനലിലെ ഹാഫ് ടൈം ഷോയിൽ പോപ് താരം ഷക്കീറ, ജസ്റ്റിൻ ബീബർ, മഡോണ, കൊറിയൻ സംഗീത ബാൻഡായ ബിടിഎസ് തുടങ്ങിയ പ്രമുഖർ അണിനിരക്കും. ബർണാ ബോയ്, പ്രശസ്ത കണ്ടക്ടർ ഗുസ്താവോ ഡുഡാമൽ, കോൾഡ് പ്ലേ താരം ക്രിസ് മാർട്ടിന്റെ നേതൃത്വത്തിലുള്ള പിഎസ്22 കോറസ് എന്നിവരും പരിപാടിയുടെ ഭാഗമാകും.
കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഫുട്ബോൾ വികസനത്തിനുമായി 100 ദശലക്ഷം യുഎസ് ഡോളർ സമാഹരിക്കാൻ ലക്ഷ്യമിടുന്ന ഫിഫ ഗ്ലോബൽ സിറ്റിസൺ എഡ്യൂക്കേഷൻ ഫണ്ടിന്റെ പ്രചാരണത്തിന്റെ ഭാഗമായാണ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
അതേസമയം, അന്താരാഷ്ട്ര ഫുട്ബോൾ അസോസിയേഷൻ ബോർഡിന്റെ നിയമപ്രകാരം ഹാഫ് ടൈം ഇടവേള 15 മിനിറ്റിൽ കൂടുതലാകാൻ പാടില്ല. അമേരിക്കൻ സൂപ്പർ ബൗൾ മാതൃകയിൽ ഇടവേള ദീർഘിപ്പിക്കണമെന്ന ആവശ്യങ്ങൾ നേരത്തെ ഉയർന്നിരുന്നെങ്കിലും, കളിക്കാരുടെ ശാരീരിക ക്ഷമതയെ ബാധിക്കുമെന്ന വിലയിരുത്തലിൽ അത് അംഗീകരിച്ചിരുന്നില്ല.
നാളെ നടക്കുന്ന ലോകകപ്പ് ഫൈനലിൽ ലയണൽ മെസിയുടെ അർജന്റീനയും യുവതാരം ലാമിൻ യമാലിന്റെ സ്പെയിനും കിരീടത്തിനായി ഏറ്റുമുട്ടും.




