ന്യൂഡൽഹി: കേരള വഖഫ് ബോർഡ് കേസിൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ഷോൺ ജോർജ് സുപ്രീം കോടതയിൽ ഹർജി ഫയൽ ചെയ്തു. തിങ്കളാഴ്ച്ച അപ്പീൽ പരിഗണിക്കാനിരിക്കെയാണ് നീക്കം. കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണം ഏർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്ക് എതിരെ സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. കേരള ഹൈക്കോടതി വിധി അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നും വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിൽലാക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്. സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ച് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വഖഫ് ബോർഡ് പ്രവർത്തനങ്ങൾക്കെതിരെ നൽകിയ നിരവധി ഹർജികൾ പരിഗണിച്ചാണ് കോടതി നടപടി.




