പാലാ: പത്ത് വർഷത്തിലേറെയായി ഉപയോഗിക്കാതെ കിടന്ന പാലാ മൂന്നാനി ലോയേഴ്സ് കോംപ്ലക്സ് ഇനി നഗരസഭയ്ക്ക് വരുമാന മാർഗമാകുന്നു. കെട്ടിടം വാടകയ്ക്ക് നൽകുന്നതിലൂടെ നഗരസഭയ്ക്ക് പ്രതിമാസം മൂന്ന് ലക്ഷത്തിലധികം രൂപയുടെ വരുമാനം ലഭിക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ ദിയ ബിനു പുളിക്കകണ്ടം അറിയിച്ചു.
കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് കാരണം ഇത് വാടകയ്ക്ക് നൽകാൻ കഴിഞ്ഞിരുന്നില്ല. പല തവണ ലേലം നടത്തിയെങ്കിലും കെട്ടിടം ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. ഇതിലൂടെ നഗരസഭയ്ക്ക് ഏകദേശം മൂന്നരക്കോടി രൂപയുടെ നഷ്ടമുണ്ടായതായും അധികൃതർ അറിയിച്ചു.
പുതിയ ഭരണസമിതി അധികാരത്തിലെത്തിയതിന് പിന്നാലെ കെട്ടിടത്തിലെ പ്രശ്നങ്ങൾ പരിഹരിച്ച് ഉപയോഗയോഗ്യമാക്കുകയായിരുന്നു. കുടിവെള്ള സൗകര്യം ഉൾപ്പെടെയുള്ള ആവശ്യമായ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതോടെയാണ് കെട്ടിടം വാടകയ്ക്ക് നൽകാൻ സാധിച്ചത്.പാലാ വലവൂർ ട്രിപ്പിൾ ഐടിയുടെ ഹോസ്റ്റൽ ആവശ്യങ്ങൾക്കായാണ് കെട്ടിടം നൽകുന്നത്. ഇതിനായുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ട്. ഒരു മാസത്തിനകം കെട്ടിടം കൈമാറും.
ഇതിലൂടെ പാലാ നഗരസഭയ്ക്ക് പ്രതിവർഷം 37.20 ലക്ഷം രൂപയുടെ വാടക വരുമാനം ലഭിക്കും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും നഗരസഭയുടെ സ്വന്തം വരുമാനം വർധിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചെയർപേഴ്സൺ അറിയിച്ചു.




