നടൻ വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ സിനിമയുടെ റിവ്യൂവിലൂടെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ സിനിമ നിരൂപകനും നടനുമായ എസ്. സത്യേന്ദ്ര അന്തരിച്ചു. ചെന്നൈയിലെ റോയപ്പേട്ട സർക്കാർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം.
കുടുംബാംഗങ്ങൾ ഇതുവരെ ആശുപത്രിയിലെത്താത്തതിനാൽ മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ബംഗളൂരുവിലുള്ള ബന്ധുക്കളുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നതായി പോലീസിനെ ഉദ്ധരിച്ച് സിനിമ വികടൻ റിപ്പോർട്ട് ചെയ്തു.
കേരള രാജ്യാന്തര ചലച്ചിത്രോത്സവം ഉൾപ്പെടെയുള്ള വിവിധ ഫിലിം ഫെസ്റ്റിവലുകളിൽ സജീവ സാന്നിധ്യമായിരുന്ന സത്യേന്ദ്ര സമൂഹമാധ്യമങ്ങളിലൂടെ സിനിമ റിവ്യൂ വീഡിയോകൾ പങ്കുവച്ച് ശ്രദ്ധ നേടിയിരുന്നു. ‘ഈഴവത്തു മനിതൻ’, ‘മൺ വാസനായി’, ‘കടമൈ കണ്ണിയം കാട്ടുപാട്’ തുടങ്ങിയ സിനിമകളിലും നിരവധി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.




