കൊച്ചി: സിനിമാ മേഖലയുമായി ബന്ധമുള്ള രണ്ടുപേരെ രാസലഹരി കേസിൽ എക്സൈസ് സംഘം കൊച്ചിയിൽ നിന്ന് പിടികൂടി. മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറപ്രവർത്തകരായ രതീഷും നിഖിലും ആണ് പിടിയിലായത്. ഇരുവരും കണ്ണൂർ സ്വദേശികളാണ്.
രഹസ്യവിവരത്തെ തുടർന്ന് കുന്നത്തുനാട് സമീപത്തെ ലോഡ്ജിൽ നടത്തിയ പരിശോധനയിലാണ് ഇവരെ എക്സൈസ് സംഘം പിടികൂടിയത്. ഇവരിൽ നിന്ന് രണ്ട് ഗ്രാമിൽ അധികം എംഡിഎംഎയും ആറ് ഗ്രാമിൽ അധികം കഞ്ചാവും പിടിച്ചെടുത്തു.
ലഹരിവസ്തുക്കൾ ഇവർക്ക് എവിടെനിന്നാണ് ലഭിച്ചതെന്നും പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും കണ്ടെത്താൻ അന്വേഷണം പുരോഗമിക്കുകയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു. സിനിമയിലെ ആർട്ട് വിഭാഗത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു പ്രതികൾ.




