നികുതിക്കുമേല്‍ ഏര്‍പ്പെടുത്തുന്ന നികുതിയാണ് സെസ്. പല ഘട്ടങ്ങളിലും ഇത്തരത്തിലുള്ള അധിക നികുതികൾ ജനങ്ങൾക്കുമേൽ സർക്കാരുകൾ അടിച്ചേൽപ്പിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വലിയതോതിൽ ചർച്ചയായത് പ്രളയ സെസ് ആയിരുന്നു. പ്രളയത്തിന്റെ എല്ലാ ദുരിത ഭാരങ്ങളും അലട്ടിയ ഒരു ജനതയ്ക്ക് മേലായിരുന്നു സർക്കാരിന്റെ അധിക സെസ് പിരിവ്.
സാമ്പത്തികമായി ഏറെ പിന്നോക്ക അവസ്ഥയിലേക്ക് തള്ളപ്പെട്ട ജനതയോട് സെസ് ചോദിച്ചത് വലിയ വിവാദങ്ങൾക്ക് അന്ന് വഴിവയ്ക്കുകയുണ്ടായി. ഇപ്പോഴിതാ റേഷന്‍ വാങ്ങുന്നവര്‍ക്ക് സെസ് ഏര്‍പ്പെടുത്താന്‍ സർക്കാർ ആലോചിക്കുകയാണ്. മുന്‍ഗണനേതര വിഭാഗമായ നീല, വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മാസം ഒരു രൂപ സെസ് ഏര്‍പ്പെടുത്താനാണ് ശുപാര്‍ശ.
റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് പണം കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്. റേഷന്‍ വ്യാപാരി ക്ഷേമനിധിയിലേക്ക് ഇപ്പോള്‍ ഒരു കോടി 90 ലക്ഷം രൂപ കുടിശ്ശിയുണ്ട്. ഇതുകൂടാതെ ഈ വര്‍ഷത്തെയ്ക്കുള്ള പണം കൂടി കണ്ടെത്താനാണ് സെസ് ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നത്.
അതേസമയം, ശുപാര്‍ശയില്‍ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിക്കുകയും ചെയ്യുന്നുണ്ട്. എന്നാൽ, കൊല്ലത്ത് നടന്ന സിപിഎം സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച നയരേഖയിൽ എല്ലാ സൗജന്യങ്ങളും സമ്പന്നവിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോയെന്ന് പരിശോധിക്കണമെന്ന് പറഞ്ഞിരുന്നു.
വിഭവസമാഹരണത്തിന് സെസ് ഉൾപ്പെടെയുള്ള സാധ്യതകൾ മുന്നോട്ടുവെച്ച രേഖ ഇടതുമുന്നണിയിൽ ചർച്ച ചെയ്യുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും സെസ് ഉണ്ടാകുന്നതിനുള്ള സാധ്യതകളെ തള്ളിക്കളയുന്നില്ല. ജനങ്ങളെ പരമാവധി പിഴിഞ്ഞ് ഖജനാവിലേക്കെത്തിക്കുന്ന തുഗ്ലക്ക് മോഡൽ പരിഷ്കാരമാണ് ഇതെന്ന് ഏറെക്കുറെ ഉറപ്പാണ്.
വരുമാനത്തിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളെ തട്ടുകളാക്കി പണം കൈക്കലാക്കുന്ന തന്ത്രം രാജഭരണകാലത്ത് ഉണ്ടായിരുന്നു. പെട്രോൾ സെസ്, മദ്യ സെസ് തുടങ്ങി കെട്ടിടനികുതി വർധന വരെ സമസ്ത മേഖലയിലും വരുമാനം ഉറപ്പാക്കിയ സർക്കാരാണ് വീണ്ടും ജനത്തിന് മേൽ സാമ്പത്തിക ഭാരം അടിച്ചേൽപിക്കാൻ വഴിതേടുന്നത്. കിഫ്ബി റോഡുകളിലെ ടോളും ഉടനെത്തും.
ഏറെക്കാലമായി വർധന വരുത്താത്ത മേഖലകളിൽ ഫീസോ നികുതിയോ വർധിപ്പിക്കണം എന്നാണ് സിപിഎമ്മിന്റെ നയരേഖയിലെ പ്രധാന ശുപാർശ. ‘നവകേരളത്തെ നയിക്കാൻ പുതുവഴികൾ’ എന്ന 41 പേജ് റിപ്പോർട്ടിലാണു സെസ് ചുമത്തുന്നത് അടക്കം നിർദേശങ്ങൾ.
വിവിധ മേഖലകളിൽ നിന്ന് ലീസും മറ്റുമായി കിട്ടേണ്ട തുകകൾ പിരിച്ചെടുക്കാൻ ശ്രമിക്കണമെന്ന് നയരേഖയിൽ പറയുന്നുണ്ട്. എന്നാൽ നികുതി പിരിവ് ഊർജിതമാക്കാൻ പോലും കാര്യമായൊരു ശ്രമവും നടത്താതെയാണ് ജനങ്ങളിൽ നിന്ന് പിടിച്ചുപറിക്കാനുള്ള പുതിയ നീക്കവും വരുന്നത്.
ക്ഷേമ പെൻഷനുകൾ നല്കാൻ പെട്രോൾ സെസ് പിരിക്കാൻ ഒന്നാം പിണറായി സർക്കാർ തീരുമാനം എടുത്തിരുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ പെട്രോൾ സെസ് പിരിക്കുന്നുണ്ടെങ്കിലും ക്ഷേമ പെൻഷൻ വിതരണം കൃത്യമായി നടക്കുന്നില്ല. മാസങ്ങളുടെ കുടിശ്ശിക എപ്പോഴും ഇപ്പോഴുമുണ്ട്.
മോട്ടോർ വാഹന സെസ് പിരിച്ചെടുക്കുന്നതിന് പുറമെയാണ് കിഫ്ബി പണിയുന്ന റോഡുകളിൽ വാഹനമോടിക്കാൻ ടോൾ പിരിക്കാനുള്ള നീക്കവും വരുന്നത്. 50 കോടിക്ക് മുകളിൽ മുതൽമുടക്കുള്ള റോഡുകളിൽ ടോൾ ഈടാക്കാനുള്ള നീക്കം പാർട്ടിയും മുന്നണിയും അംഗീകരിച്ച് കഴിഞ്ഞതാണ്.
വായ്പയെടുത്ത തുകകൊണ്ട് കിഫ്ബി നടത്തുന്ന പദ്ധതികൾ ഇങ്ങനെയല്ലാതെ മുന്നോട്ട് പോകില്ലെന്നാണ് ന്യായം. ഇന്ധന സെസ്, മോട്ടോർ വാഹന നികുതിയുടെ പകുതി തുക എന്നിവയാണ് ഇപ്പോൾ കിഫ്ബി വായ്പ തിരിച്ചടവിന് ഉപയോഗിക്കുന്നത്. അതിനെല്ലാം പുറമേയാണ് പുതിയ പിരിവിന് സർക്കാർ തുനിഞ്ഞിറങ്ങുന്നത്.
സെസിനു പുറമേ റേഷൻ അരിയുടെ ഉൾപ്പെടെ വില വർദ്ധിപ്പിക്കുവാനും സർക്കാർ ആലോചിക്കുന്നുണ്ട്. വില നാല് രൂപയില്‍ നിന്ന് 6 രൂപയാക്കണമെന്നാണ് ശുപാര്‍ശ. അതേസമയം റേഷൻ കാർഡ് മസ്റ്ററിങ് പൂർത്തീകരിക്കപ്പെടാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ നിരവധി പേരാണ് നടപടികൾ പൂർത്തീകരിക്കാനുള്ളത്. ഇപ്പോൾ പ്രധാനമായും ഉയരുന്ന ആക്ഷേപം റേഷനുമായി ബന്ധപ്പെട്ട അധിക നികുതി പിരിവ് തന്നെയാണ്. പാവപ്പെട്ടവരുടെ കഞ്ഞിയിൽ നിന്നുതന്നെ പണം വാരണോയെന്നാണ് പലരും സർക്കാരിനോട് ചോദിക്കുന്നത്.






