ആലപ്പുഴ: തുറവൂർ താലൂക്ക് ആശുപത്രിയിൽ അഗ്നിബാധ. ചൊവ്വാഴ്ച രാവിലെ 10.15ഓടെയാണ് സംഭവം നടന്നത്. ഡയാലിസിസ് യൂണിറ്റിന് മുകളിൽ പ്രവർത്തിക്കുന്ന മരുന്ന് സംഭരണ മുറിയിൽ നിന്നാണ് തീപിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം.
തീ ശ്രദ്ധയിൽപ്പെട്ട ഉടൻ ആശുപത്രി ജീവനക്കാർ ഡയാലിസിസ് യൂണിറ്റിലുണ്ടായിരുന്ന രോഗികളെ സുരക്ഷിതമായി പുറത്തേക്ക് മാറ്റി. സമയോചിതമായ ഇടപെടലിനെ തുടർന്ന് ആളപായം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന സംശയത്തിൽ അന്വേഷണം തുടരുകയാണ്. രക്ഷാപ്രവർത്തനങ്ങൾ സ്ഥലത്ത് പുരോഗമിക്കുന്നു.




