ചെന്നൈ: ഐപിഎല്ലില്‍ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പോരാട്ടം. തുടർ തോൽവികൾക്ക് ശേഷം സഞ്ജുവിന്‍റെ സെഞ്ചുറി കരുത്തില്‍ ഡൽഹിക്കെതിരെ നേടിയ തകർപ്പൻ ജയം സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസമാണ് നൽകുന്നത്. അതെ ജയം തുടരാനാണ് ചെന്നൈ ഇന്നിറങ്ങുന്നത്. മറുവശത്തു ആദ്യ ജയം തേടിയാണ് കൊൽക്കത്ത ഇറങ്ങുന്നത്. പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്താണ് കൊൽക്കത്ത.
എന്നാൽ, കൊല്‍ക്കത്തയുടെ സുനിൽ നരെയ്‌നെതിരെ സഞ്ജുവിന് അത്ര മികച്ച റെക്കോർഡല്ല ഉള്ളത്. അതുകൊണ്ട് തന്നെ സഞ്ജുവിനെ പൂട്ടാൻ കൊല്‍ക്കത്ത പവര്‍ പ്ലേയില്‍ നരെയ്‌നെ പരീക്ഷിച്ചേക്കും. സിഎസ്‌കെ ജേഴ്സിയിൽ തന്റെ ആദ്യ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ അത് തുടരുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നേർക്കുനേർ പോരാടിയ 31 മത്സരങ്ങളിൽ ചെന്നൈ 20 കളികളും, കൊൽക്കത്ത 11 എണ്ണത്തിലും മാത്രമാണ് ജയിച്ചത്. ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴരക്കാണ് മത്സരം.




