തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയിൽ റെയിൽവേ ട്രാക്കിന് സമീപം തീപിടിത്തം. പേട്ട ബാലനഗറിന് സമീപമാണ് തീപിടിച്ചത്. ഏകദേശം 200 മീറ്ററോളം പ്രദേശത്ത് തീ പടർന്നതായാണ് വിവരം. അഗ്നിശമന സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ട്രാക്കിന് സമീപം നടന്നുപോയ ആരോ സിഗരറ്റ് കുറ്റി വലിച്ചെറിഞ്ഞതാകാം തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക സംശയം.
തീപിടിത്തത്തെ തുടർന്ന് ട്രെയിൻ ഗതാഗതത്തെ ബാധിക്കുകയും ചില ട്രെയിനുകൾ പിടിച്ചിടുകയും ചെയ്തു. അൽപസമയത്തിനകം വന്ദേഭാരത് ട്രെയിൻ കടന്നുപോകേണ്ട ട്രാക്കിന് സമീപമാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.












