കൊല്ലം: സ്വത്ത് തർക്കത്തെ തുടർന്ന് മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കുകയും അമ്മയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കൊല്ലം ആരൂർ സ്വദേശിനി അശ്വതി അച്ചുവിനെതിരെ പൊലീസ് കേസ്. സംഭവത്തിൽ അശ്വതിയുടെ മകൾ അമൃതയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇരുവരും നിലവിൽ ഒളിവിലാണെന്നും പൊലീസ് അന്വേഷണം ഊർജിതമാക്കിയെന്നും അറിയിച്ചു.
മാതാപിതാക്കളായ രാധാമണിയുടെയും അശോകന്റെയും പേരിലുള്ള വസ്തു സ്വന്തം പേരിൽ എഴുതിനൽകണമെന്ന് ആവശ്യപ്പെട്ട് അശ്വതി നിരന്തരം വഴക്കുണ്ടാക്കിയിരുന്നെന്നാണ് പരാതി. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെ മാതാപിതാക്കളെ വീട്ടിൽനിന്ന് പുറത്താക്കിയ ശേഷം രാധാമണിയുടെ ദേഹത്ത് ചൂടുവെള്ളം ഒഴിച്ച് പൊള്ളലേൽപ്പിച്ചെന്നാണ് പരാതി. അശ്വതിയുടെ മകളും രാധാമണിയെ ഉപദ്രവിച്ചതായി പരാതിയിലുണ്ട്. ചടയമംഗലം പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
അശ്വതിക്കെതിരെ നേരത്തെയും വിവിധ പരാതികൾ ഉയർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രൊഫൈൽ ഉപയോഗിച്ച് ഉന്നതരുമായി അശ്ലീല ചാറ്റ് നടത്തി ഹണിട്രാപ്പിൽ കുടുക്കിയെന്നായിരുന്നു 2022ൽ ഉയർന്ന പരാതി. പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരും അശ്വതിയുടെ തട്ടിപ്പിന് ഇരയായതായി പരാതികളുണ്ടായിരുന്നു. എന്നാൽ ചില പരാതികൾ പിന്നീട് ഒത്തുതീർപ്പിലെത്തുകയും അന്വേഷണം മുന്നോട്ടുപോകാതെ വരികയും ചെയ്തിരുന്നു.
വിവാഹവാഗ്ദാനം നൽകി റിട്ട. ബാങ്ക് ജീവനക്കാരനിൽനിന്ന് പണം തട്ടിയ കേസിലും അശ്വതി അറസ്റ്റിലായിട്ടുണ്ട്. വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് 66കാരനിൽനിന്ന് 40,000 രൂപ വാങ്ങിയെന്നാണ് കേസ്. ആദ്യം 25,000 രൂപയും പിന്നീട് 15,000 രൂപയും വാങ്ങിയെന്നാണ് പരാതി. രജിസ്റ്റർ വിവാഹത്തിനായി എത്തിയശേഷം വിവാഹനടപടികൾ ഒഴിവാക്കി പണവുമായി കടന്നുകളഞ്ഞെന്നായിരുന്നു പരാതി.
പരാതിയെ തുടർന്ന് പൂവാർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുകയായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ മുട്ടടയിലെ ഫ്ലാറ്റിൽനിന്നാണ് അശ്വതിയെ അറസ്റ്റ് ചെയ്തത്. 2023ലായിരുന്നു നടപടി.
നിലവിൽ മാതാപിതാക്കളെ ആക്രമിച്ച കേസിലാണ് അശ്വതിക്കെതിരെ വീണ്ടും പൊലീസ് നടപടി. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അശ്വതിക്കും മകൾക്കുമായി അന്വേഷണം തുടരുകയാണ്.












