കഞ്ചിക്കോട്: ജോലിക്കിടെ നിർജലീകരണത്തെ തുടർന്ന് വൈദ്യുതി ലൈനിലേക്ക് വീണ കെഎസ്ഇബി ജീവനക്കാരന്റെ ജീവൻ രക്ഷിച്ച് കഞ്ചിക്കോട് അഗ്നിരക്ഷാസേനയിലെ ഹോംഗാർഡ്. വിമുക്ത ഭടൻ കൂടിയായ കെ.എച്ച്. ഫിലേന്ദ്രനാണ് സാഹസികമായി ജീവനക്കാരൻ രാജനെ രക്ഷിച്ചത്. വെള്ളിയാഴ്ച രാവിലെ 10.30ഓടെ പാലക്കാട് കല്ലേക്കാട് കിഴക്കഞ്ചേരിക്കാവ് റോഡിലാണ് സംഭവം.
പറളി സെക്‌ഷനിലെ കെഎസ്ഇബി ജീവനക്കാരനായ രാജൻ വൈദ്യുതി പോസ്റ്റിൽ അറ്റകുറ്റപ്പണി നടത്തുന്നതിനിടെ കുഴഞ്ഞുവീണ് ലൈനിലേക്ക് വീഴുകയായിരുന്നു. ഈ സമയം അവിടെ എത്തിയ ഫിലേന്ദ്രൻ സംഭവം കണ്ടതോടെ വാഹനം നിർത്തി ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തി.
കെഎസ്ഇബി ജീവനക്കാരുടെ സഹായത്തോടെ രണ്ട് ലാഡറുകൾ ഉപയോഗിച്ച് ഫിലേന്ദ്രൻ മുകളിലേക്ക് കയറി. തുടർന്ന് ഫയർ സർവീസിന്റെ ലിഫ്റ്റ് വിദ്യ ഉപയോഗിച്ച് ലൈനിൽ കുടുങ്ങിയ രാജനെ സുരക്ഷിതമായി താഴെയിറക്കി. പ്രാഥമിക ശുശ്രൂഷ നൽകിയതോടെ രാജന് ബോധം തിരിച്ചുകിട്ടി. തുടർന്ന് അദ്ദേഹത്തെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമയോചിതമായ ഇടപെടലിലൂടെ ഒരു ജീവനാണ് രക്ഷപ്പെടുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു. ഫിലേന്ദ്രന്റെ ധൈര്യവും ഇടപെടലും വലിയ അഭിനന്ദനങ്ങൾ നേടുകയാണ്.




