കൊച്ചി: ഐഎസ്എല്ലിൽ ഈ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി കേരള ബ്ലാസ്റ്റേഴ്സ്. കലൂര്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് 7.30 നടക്കുന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയാണ് എതിരാളി. സീസണിലെ ആദ്യ രണ്ട് എവേ മത്സരങ്ങളില്‍ വിജയവും തോല്‍വിയുമായി സമ്മിശ്രഫലത്തോടെയാണ് ബ്ലാസ്റ്റേഴ്സ് കൊച്ചിയുടെ കളിമുറ്റത്തേയ്ക്ക് എത്തുന്നത്. രണ്ട് മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുമായി ബ്ലാസ്റ്റേഴ്സ് പട്ടികയില്‍ ആറാം സ്ഥാനത്താണ്.
പ്ലേമേക്കറായ യുറഗ്വായ് താരം അഡ്രിയാന്‍ ലൂണ തിരിച്ചെത്തിയതിനൊപ്പം ശക്തരായ ഒരു സംഘം വിദേശികളെയും അണിനിരത്തിയാണ് ബ്ലാസ്റ്റേഴ്സ് പുതിയ സീസണില്‍ കളത്തിലിറങ്ങിയത്. കഴിഞ്ഞ കളികളില്‍ ഗോളടിച്ച ഇംഗ്ലീഷ് താരം ആന്ദ്രേ ഗീനും ഗിനിയന്‍ താരം മോമോ യാന്‍സാനെയും അടങ്ങുന്ന ആക്രമണനിരയിലാണ് പ്രതീക്ഷ. സ്റ്റേഡിയം വാടകയും GCDAയുമായി നിലനിന്നിരുന്ന പ്രശ്നങ്ങൾ കാരണം ടിക്കറ്റ് വിൽപ്പന വൈകിയാണ് ആരംഭിച്ചതെങ്കിലും വേഗത്തിൽ തന്നെ വിറ്റുതീരുകയായിരുന്നു.
അതിനിടെ മത്സരവുമായി ബന്ധപ്പെട്ട് നഗരത്തില്‍ ഗതാഗത നിയന്ത്രണം ഉണ്ടാകും. പശ്ചിമ കൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ചാത്യാത്ത് റോഡരികില്‍ പാര്‍ക്ക് ചെയ്ത് സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്. പറവൂര്‍, തൃശൂര്‍, മലപ്പുറം മേഖലകളില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ആലുവ ഭാഗത്തും കണ്ടെയ്നര്‍ റോഡരികിലും ഗതാഗതത്തിന് തടസ്സമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്ത് മെട്രോ അടക്കമുള്ള പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി സ്റ്റേഡിയത്തിലേക്ക് എത്തിച്ചേരേണ്ടതാണ്.




