ടെൽ അവീവ്: ദുബായിൽ നിന്ന് ടെൽ അവീവിലേക്ക് പറന്ന ഫ്ളൈദുബായ് വിമാനത്തിൽ ഇന്ത്യക്കാരനായ പ്രധാന പൈലറ്റിനെ കുത്തിപ്പരിക്കേൽപ്പിച്ച് വിമാനം തകർക്കാൻ ശ്രമിച്ച സഹപൈലറ്റ് മതതീവ്രവാദ സ്വഭാവം പുലർത്തിയിരുന്ന ആളാണെന്ന് വെളിപ്പെടുത്തൽ. എട്ടുമാസം മുൻപ് മാത്രം ഫ്ലൈ ദുബായിൽ സർവീസിൽ പ്രവേശിച്ച ഒമാൻ സ്വദേശിയായ ഈ സഹപൈലറ്റിനെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് സഹപ്രവർത്തകൻ ഇസ്രയേലിലെ ചാനൽ 16 ന്യൂസിനോടും ടൈംസ് ഓഫ് ഇസ്രയേലിനോടും വെളിപ്പെടുത്തിയത്.
ഇയാൾ കടുത്ത മതമൗലികവാദിയായിരുന്നുവെന്നും പകൽ സമയങ്ങളിൽ അമിതമായി പ്രാർത്ഥനകളിൽ മുഴുകിയിരുന്ന ഇയാൾ വനിതാ ജീവനക്കാരോട് സംസാരിക്കാനോ അവർക്ക് കൈകൊടുക്കാനോ പോലും തയ്യാറായിരുന്നില്ലെന്നും സഹപൈലറ്റ് വെളിപ്പെടുത്തി. ഒരു വിമാന കമ്പനിയിലെ സാധാരണ അന്തരീക്ഷത്തിന് ചേരാത്ത വിധമായിരുന്നു ഇയാളുടെ പെരുമാറ്റങ്ങളെന്നും മത തീവ്രവാദിയെപ്പോലെയാണ് പെരുമാറിയിരുന്നതെന്നും സഹപ്രവർത്തകൻ പറയുന്നു. ഒമാനുമായി ഇസ്രായേലിന് നയതന്ത്ര ബന്ധമില്ലാതിരുന്നിട്ടും ഇയാളെ ഇസ്രായേലിലേക്കുള്ള വിമാനത്തിൽ ഡ്യൂട്ടിക്ക് നിയോഗിച്ച എയർലൈനിന്റെ തീരുമാനം വിമാനത്തിലുണ്ടായിരുന്ന എല്ലാവരുടെയും ജീവൻ അപകടത്തിലാക്കിയെന്നും സഹപ്രവർത്തകൻ ചൂണ്ടിക്കാട്ടി.




