കോഴിക്കോട്: അധ്യാപികമാരുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ മൂന്ന് ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് സസ്പെൻഷൻ. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. സ്കൂളിലെ അധ്യാപികമാരുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ടെലിഗ്രാം ഗ്രൂപ്പുകൾ വഴി പ്രചരിപ്പിച്ചതായാണ് പരാതി.
മോർഫ് ചെയ്ത ചിത്രങ്ങൾ ടെലിഗ്രാം ഗ്രൂപ്പുകളിൽ കണ്ട മറ്റ് വിദ്യാർഥികളാണ് വിവരം സ്കൂൾ അധികൃതരെ അറിയിച്ചത്. ജൂൺ മാസത്തിലാണ് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.
സംഭവത്തിൽ സ്കൂൾ അധികൃതരും അധ്യാപകരും പേരാമ്പ്ര പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. വിദ്യാർഥികളുടെയും അധ്യാപകരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയതായാണ് വിവരം.
സസ്പെൻഷനിലായ മൂന്ന് പേരും പ്ലസ് വൺ വിദ്യാർഥികളാണ്. സംഭവവുമായി ബന്ധപ്പെട്ട് വിദ്യാർഥികളുടെ രക്ഷിതാക്കളെയും വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




