കാലിഫോർണിയ: ആമസോണിന് പിന്നാലെ അഞ്ച് ശതമാനം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സും. അടുത്ത ആഴ്ചയോടെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് വിവരം. കാഴ്ചക്കാരുടെ എണ്ണത്തിലുണ്ടായ കുറവും ഈ വർഷം ഉടനീളം ഓഹരി വിപണിയിലുണ്ടായ ഇടിവുമാണ് പിരിട്ടുവിടലിലേക്ക് നയിക്കുന്നതെന്നാണ് വിവരം.
കഴിഞ്ഞ വർഷാവസാനം നെറ്റ്ഫ്ലിക്സിൽ ഏകദേശം 16,000 മുഴുവൻ സമയ ജീവനക്കാരാണ് ഉണ്ടായിരുന്നത്. ഈ കണക്ക് അനുസരിച്ച് ഇത്തവരണ ഏകദേശം 800 ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടേക്കാമെന്നാണ് വിവരം. പിരിച്ചുവിടുന്നതിനുള്ള പ്രധാന കാരണം മറ്റു പ്ലാറ്റ്ഫോമുകളിൽ നിന്നും നെറ്റ്ഫ്ലിക്സ് നേരിടുന്ന കടുത്ത മത്സരമാണ്. യൂട്യൂബ് തുടങ്ങി മറ്റു പ്ലാറ്റ്ഫോമുകൾ കൂടുതൽ കാഴ്ചക്കാരും പരസ്യങ്ങളും ആകർഷിക്കുന്നുണ്ട്. ഇതിനിടയിൽ പിടിച്ചു നിൽക്കാനായി സബ്‌സ്‌ക്രിപ്‌ഷനുകൾക്ക് അപ്പുറത്തേക്ക് പരസ്യങ്ങൾ, ലൈവ് പ്രോഗ്രാമുകൾ, ഗെയിമിങ് എന്നിവയും നിലവിൽ കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതിനെത്തുടർന്ന് 2022ൽ നെറ്റ്ഫ്ലിക്സ് നൂറുകണക്കിന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു.




