മൂന്നാർ: ഓർഡർ ചെയ്ത ഭക്ഷണം നൽകാത്തതു ചോദ്യം ചെയ്ത വിനോദസഞ്ചാരിയായ യുവാവിന് തട്ടുകടക്കാരൻറെ ആക്രമണം. കൊല്ലം അർക്കന്നൂർ കാരാളിക്കോണം സ്വദേശി എം.ഷംനാദ് (33) ആണ് മർദനമേറ്റ് ടാറ്റാ ടീ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ബുധനാഴ്ച രാത്രി 10നു പോസ്റ്റ് ഓഫിസ് കവലയിലുള്ള തട്ടുകടയിൽ ഭക്ഷണം കഴിക്കാനെത്തിയപ്പോഴായിരുന്നു സംഭവം.
സുഹൃത്തുമൊത്തു ഭക്ഷണം കഴിക്കാനെത്തിയ ഷംനാദ് ഭക്ഷണം ഓർഡർ നൽകി കാത്തിരുന്നു. എന്നാൽ, ഇദ്ദേഹത്തിനു ശേഷം വന്നവർക്ക് ആഹാരം വിളമ്പിയതു ചോദ്യം ചെയ്തു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിലാണ് ഇരുമ്പുചട്ടുകം ഉപയോഗിച്ച് തലയിലും മുഖത്തും അടിച്ചു പരുക്കേൽപിച്ചത്. സുഹൃത്തും നാട്ടുകാരും ചേർന്നാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്.






