ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യ റിനികി ഭുയാനെ സംബന്ധിച്ച വ്യാജരേഖ കേസിൽ കോൺഗ്രസ് നേതാവ് പവൻ ഖേരയ്ക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് ജെ.കെ. മഹേശ്വരിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച്, പവൻ ഖേരയെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കി.
ഗുവാഹത്തി ഹൈക്കോടതി അപേക്ഷ തള്ളിയ വിധിയിൽ പിഴവുകളുണ്ടെന്നും കോടതി നിരീക്ഷിച്ചു.
രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളാണ് കേസിന്റെ അടിസ്ഥാനമെന്നും വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം കോടതി ചൂണ്ടിക്കാട്ടി. ഹിമന്ത ബിശ്വ ശർമ്മ പവൻ ഖേരയ്‌ക്കെതിരെ നടത്തിയ പരാമർശങ്ങളും അറസ്റ്റു ഭീഷണിയും ഉത്തരവിൽ പരാമർശിച്ചു.
ഹിമന്ത ബിശ്വ ശർമ്മയുടെ ഭാര്യയ്ക്ക് മൂന്ന് പാസ്പോർട്ടുകൾ ഉണ്ടെന്ന പവൻ ഖേരയുടെ ആരോപണമാണ് കേസിന് കാരണമായത്. എന്നാൽ പുറത്തുവിട്ട രേഖകൾ വ്യാജമാണെന്ന് അസം പൊലീസ് കോടതിയെ അറിയിച്ചു. അസം പൊലീസ് അറസ്റ്റിനായി ദില്ലിയിൽ എത്തിയതിനെ തുടർന്ന് ഹൈദരാബാദിലേക്ക് പോയിരുന്ന പവൻ ഖേരയ്ക്ക് സുപ്രീംകോടതി ഉത്തരവ് ആശ്വാസമായി.






