ഹരിദ്വാര്‍: 13 വയസ്സുകാരിയായ മകളെ ലൈംഗികമായി പിഡീപ്പിക്കുന്നതിന് കൂട്ടുനിന്ന സംഭവത്തില്‍ ബിജെപി മുന്‍ വനിതാ നേതാവ് അറസ്റ്റില്‍. ഹരിദ്വാര്‍ ബിജെപിയുടെ മുന്‍ ഓഫിസ് ഭാരവാഹിയായിരുന്ന യുവതിയെയാണ് പൊലീസ് പിടികൂടിയത്. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയുടെ കാമുകന്‍ സുമിത് പട്വാളും പൊലീസ് കസ്റ്റഡിയിലാണ്. കേസില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിക്കായി അന്വേഷണം ആരംഭിച്ചു.
ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു വനിതാ നേതാവ്. അമ്മയുടെ സംരക്ഷണയില്‍ നിന്ന് മാറി മകള്‍ അച്ഛനൊപ്പം താമസം ആരംഭിച്ചതിനു പിന്നാലെയാണ് സംഭവം പുറംലോകം അറിയുന്നത്. പെണ്‍കുട്ടി പിതാവിനോട് തനിക്ക് നേരിടേണ്ടി വന്ന പീഡനത്തെ കുറിച്ച് തുറന്നു പറയുകയായിരുന്നു. അമ്മയുടെ കാമുകനും മറ്റുള്ളവരും തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നും അമ്മ അത് അനുവദിച്ചെന്നുമാണ് പെണ്‍കുട്ടിയുടെ മൊഴി.
അതേസമയം യുവതി ബിജെപിയുടെ നിലവിലെ ഭാരവാഹിയല്ലെന്ന് ഹരിദ്വാറിലെ ബിജെപി യൂണിറ്റ് വ്യക്തമാക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ അവരെ എല്ലാ പാര്‍ട്ടി ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിവാക്കിയിരുന്നുവെന്നും നിലവില്‍ അവര്‍ ബിജെപിയുടെ ഒരു സ്ഥാനങ്ങളും വഹിക്കുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് അശുതോഷ് ശര്‍മ പറഞ്ഞു.






