മാവേലിക്കര: മാവേലിക്കര മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ എം. മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാജീവ് ഗാന്ധി പഞ്ചായത്ത് രാജ് സമിതി സംസ്ഥാന ചെയർമാനായി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
മാവേലിക്കര ചെറുകോൽ വൈപ്പുവിളയിൽ പരേതനായ കെ.പി. മാധവൻ പിള്ളയുടെയും വി.കെ. രാജമ്മയുടെയും മകനാണ് എം. മുരളി. 1969ൽ കെ.എസ്.യു. അംഗമായി പൊതുപ്രവർത്തന രംഗത്തേക്ക് പ്രവേശിച്ച അദ്ദേഹം, കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി, കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ദേശീയ കൗൺസിൽ അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചു.
1987ൽ ഡൽഹിയിൽ നടന്ന ചേരിചേരാ രാഷ്ട്രങ്ങളുടെ യുവസമ്മേളനത്തിന്റെ കോ-ഓർഡിനേറ്ററായിരുന്ന എം. മുരളി, എം.ജി. സർവകലാശാലയുടെ ആദ്യ സെനറ്റ് അംഗമായും പ്രവർത്തിച്ചു. കെ.എസ്.ഇ.ബി., കെ.എസ്.എഫ്.ഇ., കെ.എസ്.ആർ.ടി.സി., കേരള യുവജനക്ഷേമ ബോർഡ് എന്നിവയിൽ നേതൃസ്ഥാനങ്ങൾ വഹിച്ചിരുന്നു.1991, 1996, 2001, 2006 വർഷങ്ങളിൽ മാവേലിക്കര മണ്ഡലത്തെ നിയമസഭയിൽ അദ്ദേഹം പ്രതിനിധീകരിച്ചു.










