പത്തനംതിട്ട:കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ് ഇളകി വീണ് നാല് വയസുകാരന് ദാരുണാന്ത്യം. അടൂര്‍ കടമ്പനാട് സ്വദേശി അഭിരാം ആണ് മരിച്ചത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആനക്കൂട് സന്ദര്‍ശനത്തിനിടെ കോണ്‍ക്രീറ്റ് തൂണിന് സമീപം നിന്ന് കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കുട്ടിയുടെ ദേഹത്തേക്ക് നാല് അടിയോളം ഉയരമുള്ള കോണ്‍ക്രീറ്റ് തൂണ് ഇളകി പതിക്കുകയായിരുന്നു.
ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തില്‍ പൊലീസും വനംവകുപ്പും പരിശോധന നടത്തും. വനംവകുപ്പ് അധികൃതരാണ് കുട്ടിയെ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നത്. അവധി ദിവസമായതിനാല്‍ ക്ഷേത്രം ദര്‍ശനം നടത്തിയ ശേഷം വിനോദത്തിനായാണ് ആനക്കൂട് സന്ദര്‍ശിക്കാന്‍ ഇവര്‍ കോന്നിയിലെത്തിയത്.
കുട്ടി ഫോട്ടോ എടുക്കാന്‍ തുണിയില്‍ ചാരി നില്‍ക്കുകയും അതില്‍ കളിക്കുകയും ചെയ്തു പിന്നാലെയാണ് അപകടം സംഭവിച്ചത്. സംഭവത്തിന് പിന്നാലെ കോന്നി ആനക്കൂട് താല്‍ക്കാലികമായി അടച്ചു.






