തിരുവനന്തപുരം: സംസ്ഥാന ലോട്ടറി ക്ഷേമനിധി ബോര്‍ഡില്‍ കോടികളുടെ തട്ടിപ്പ്. ലോട്ടറി തൊഴിലാളികള്‍ അടച്ച ഒന്നര കോടിയോളം വരുന്ന അംശാദായ തുക ബോര്‍ഡിലെ ക്ലര്‍ക്ക് തട്ടിയെടുത്തെന്നാണ് കണ്ടെത്തല്‍. വിജിലന്‍സ് അന്വേഷണത്തിലാണ് ക്ലര്‍ക്കിന്റെ തട്ടിപ്പ് പുറത്ത് വന്നത്.
സംസ്ഥാന ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ മുന്‍ ക്ലര്‍ക്കായിരുന്ന സംഗീതിനെതിരെയാണ് പരാതി.
2018 മുതല്‍ 2021 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇയാള്‍ തട്ടിപ്പ് നടത്തിയത്. ലോട്ടറി വില്പനക്കാരില് നിന്നുള്ള അംശദായക തുക ഇയാള്‍ തന്റെ സ്വകാര്യ അക്കൗണ്ടിലേക്കും ബന്ധുകളുടെ അക്കൗണ്ടുകളിലേക്കുമായി മാറ്റുകയായിരുന്നു. ക്ഷേമനിധി ബോര്‍ഡിലെ ഓഡിറ്റില്‍ പോലും തെളിയാതിരുന്ന തട്ടിപ്പ് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് പുറത്ത് വരുന്നത്.
2018 ല്‍ മാത്രം ഇയാള്‍ 80 ലക്ഷം രൂപ സ്വന്തം അക്കൗണ്ടിലേക്കും ബന്ധുവിന്റെ അക്കൗണ്ടുകളിലേക്കുമായി മാറ്റിയതായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സിന്റെ രഹസ്യാന്വേഷണ വിഭാഗം നല്കിയ റിപ്പോര്‍ട്ട് പ്രകാരം ബോര്‍ഡ് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ഒന്നരകോടിയുടെ തട്ടിപ്പ് പുറത്ത് വരുന്നത്. ലോട്ടറി ക്ഷേമ നിധി ബോര്‍ഡിലെ സേവനത്തിന് ശേഷം സംഗീത് ലോട്ടറി ഡയറകട്റേറ്റിലെ മാറി. അവിടെവെച്ചും ബോര്‍ഡിന്റെ ചെക്ക് ഉപയോഗിച്ച് ഇയാള്‍ പണം പിന്‍വലിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തി.






