തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബാർ ഹോട്ടലുകളിൽ നടത്തിയ സംയുക്ത പരിശോധനയിൽ കോടികളുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതായി സംസ്ഥാന ജിഎസ്ടി വകുപ്പിന്റെ ഇൻറലിജൻസ് ആൻഡ് എൻഫോഴ്‌സ്‌മെൻറ് വിഭാഗങ്ങൾ അറിയിച്ചു. “ഓപ്പറേഷൻ പ്രാൻസിംഗ് പോണി” എന്ന കോഡ്നാമത്തിൽ സെപ്റ്റംബർ 25-ന് വൈകിട്ട് 4.30 മുതൽ 26-ന് പുലർച്ചെ വരെ നടത്തിയ പരിശോധനയിൽ 45 ബാർ ഹോട്ടലുകളിലാണ് നടപടി സ്വീകരിച്ചത്.
127.46 കോടി രൂപയുടെ വിറ്റുവരവ് രേഖകളിൽ നിന്ന് മറച്ചു വച്ചത്, അതിലൂടെ 12 കോടി രൂപയുടെ നികുതി വെട്ടിച്ചിട്ടുണ്ടെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി ഉദ്യോഗസ്ഥർ അറിയിച്ചു. പരിശോധനയിൽ ഇതുവരെ 29 ലക്ഷം രൂപ പിരിച്ചെടുക്കാൻ അധികൃതർക്ക് കഴിഞ്ഞിട്ടുണ്ട്.നികുതി റിട്ടേണുകൾ നിശ്ചിത സമയത്ത് സമർപ്പിക്കാതെ പല മാസങ്ങളായി നികുതി വെട്ടിക്കുന്ന സ്ഥാപനങ്ങളാണ് പരിശോധനയ്ക്ക് ഇരയായത്. 2024-25 സാമ്പത്തിക വർഷത്തിൽ ഇവ നൽകേണ്ടിയിരുന്ന വിവരം ലംഘിച്ചതിനാണ് പരിശോധനയുടെ ഭാഗമായി ഉടൻ നടപടികൾ സ്വീകരിച്ചത്.
ചില സ്ഥാപനങ്ങളിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിലെ ഇടപാടുകൾ സംബന്ധിച്ച രേഖകളും ജിഎസ്ടി ഇന്റലിജൻസ് സംഘം ശേഖരിച്ചു. ഇത് പരിഗണിച്ചാൽ നികുതി വെട്ടിപ്പിന്റെ തോത് കൂടുതൽ ഉയർന്നേക്കാമെന്ന് അധികൃതർ അറിയിച്ചത്.










