അഹമ്മദാബാദ്: എഐ ടൂളുകൾ ഉപയോഗിച്ച് വ്യാജ വീഡിയോകൾ (ഡീപ്‌ഫേക്ക്) നിർമ്മിച്ച് ബിസിനസുകാരനെ ലക്ഷ്യമിട്ട് തട്ടിപ്പ് നടത്തിയ നാലംഗ സംഘം പിടിയിൽ. കനുഭായ് പർമാർ, ആശിഷ് വനന്ദ്, മുഹമ്മദ് കൈഫ് പട്ടേൽ, ദീപ് ഗുപ്ത എന്നിവരെയാണ് അഹമ്മദാബാദ് സൈബർ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
ഇറക്കുമതി-കയറ്റുമതി രംഗത്ത് പ്രവർത്തിക്കുന്ന അഹമ്മദാബാദ് സ്വദേശിയായ ബിസിനസുകാരനെയാണ് സംഘം ലക്ഷ്യമിട്ടത്. എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമിച്ച വ്യാജ വീഡിയോകൾ വഴി ആധാർ ബയോമെട്രിക് സ്ഥിരീകരണം മറികടക്കുകയായിരുന്നു.
തുടർന്ന് ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറിലെ ഒടിപി സന്ദേശങ്ങൾ പ്രതികളുടെ നമ്പറിലേക്ക് തിരിച്ചു വിടുകയും ഇരയുടെ ഡിജിലോക്കർ അക്കൗണ്ട് കൈക്കലാക്കുകയും ചെയ്തു. അതിൽ സൂക്ഷിച്ചിരുന്ന പ്രധാന രേഖകൾ ഉപയോഗിച്ച് വിവിധ ബാങ്കുകളിൽ അക്കൗണ്ടുകൾ തുറക്കാൻ ശ്രമിച്ചു.
ജിയോ പേയ്‌മെന്റ്സ് ബാങ്കിൽ അക്കൗണ്ട് തുറന്ന് 25,000 രൂപ വായ്പ എടുക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തുകയും ചെയ്തതായി പൊലീസ് പറഞ്ഞു. പ്രതികളിൽ ഒരാൾ കോമൺ സർവീസ് സെന്റർ ജീവനക്കാരനാണെന്നും, ആധാർ സംവിധാനങ്ങളിലേക്കുള്ള പ്രവേശനം ദുരുപയോഗം ചെയ്തതായും അന്വേഷണത്തിൽ കണ്ടെത്തി.
സംഭവം ബാങ്കിംഗ് മേഖലയിലെ എഐ ഉപയോഗം ഉയർത്തുന്ന സുരക്ഷാ വെല്ലുവിളികൾക്ക് ഉദാഹരണമായി മാറിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ബാങ്കിംഗ് സുരക്ഷ ശക്തിപ്പെടുത്താൻ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഉന്നതതല യോഗം ചേർന്നതായും റിപ്പോർട്ടുണ്ട്.




