ന്യൂഡൽഹി: ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ വിദ്യാർഥികളുടെ സമരപ്പന്തൽ സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയതിനെ തുടർന്ന് വീണ്ടും സംഘർഷം. ക്യാമ്പസിനുള്ളിൽ വിദ്യാർഥികളും സുരക്ഷാ ജീവനക്കാരും തമ്മിൽ ഏറ്റുമുട്ടി. വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥികൾ നടത്തുന്ന നിരാഹാര സമരത്തിന്റെ ഭാഗമായൊരുക്കിയ പന്തലാണ് സുരക്ഷാ ജീവനക്കാർ പൊളിച്ചുനീക്കിയത്.
ഈ മാസം 16 മുതലാണ് സർവകലാശാലാ ക്യാമ്പസിൽ വിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. 2006ൽ നിർത്തിവെച്ച വിദ്യാർഥി യൂണിയൻ തിരഞ്ഞെടുപ്പ് പുനഃസ്ഥാപിക്കുക, പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് സസ്‌പെൻഡ് ചെയ്ത വിദ്യാർഥികളെ തിരിച്ചെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. നേരത്തെയും സമരപ്പന്തൽ പൊളിച്ചുനീക്കാൻ സുരക്ഷാ ജീവനക്കാർ ശ്രമം നടത്തിയിരുന്നു.
മുന്നറിയിപ്പൊന്നും നൽകാതെയാണ് സുരക്ഷാ ജീവനക്കാർ പന്തൽ പൊളിച്ചുനീക്കിയതെന്നാണ് വിദ്യാർഥികളുടെ ആരോപണം. ക്യാമ്പസിലെ ലൈറ്റുകൾ അണച്ചശേഷം പന്തലിലുണ്ടായിരുന്ന വിദ്യാർഥികളെ സുരക്ഷാ ജീവനക്കാർ മർദിച്ചെന്നും തുടർന്ന് വലിച്ചിഴച്ച് ഗേറ്റിന് പുറത്തേക്ക് കൊണ്ടുപോയി പൊലീസിന് കൈമാറിയെന്നും വിദ്യാർഥികൾ ആരോപിക്കുന്നു. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് വിദ്യാർഥികൾ ഉന്നയിച്ചിരിക്കുന്നത്.




