പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ അതിക്രമിച്ചുകയറി കടന്നുപിടിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. തിരുവല്ല വെൺപാല പുതുവൽ വീട്ടിൽ ദിലീപ് കുമാർ (40) ആണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്.
മുത്തശ്ശിക്കൊപ്പം താമസിച്ചിരുന്ന പെൺകുട്ടിയെ വീട്ടിൽ ആളില്ലാത്ത സമയം നോക്കി എത്തിയ പ്രതി കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് പരാതി. സംഭവത്തിന് പിന്നാലെ പെൺകുട്ടി പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്തതോടെ ദിലീപ് കുമാർ ഒളിവിൽ പോയി. തുടർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡ്രൈവറായി ജോലി ചെയ്യുന്ന ദിലീപ് കുമാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, ദിലീപ് കുമാർ യൂത്ത് കോൺഗ്രസ് കുറ്റൂർ മണ്ഡലം കമ്മിറ്റി ഭാരവാഹിയാണെന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് കോൺഗ്രസ് കുറ്റൂർ മണ്ഡലം പ്രസിഡന്റ് പോൾ തോമസ് അറിയിച്ചു. ദിലീപ് കുമാറിന് കോൺഗ്രസിന്റെയോ യൂത്ത് കോൺഗ്രസിന്റെയോ ഭാരവാഹിത്വമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.




